കോഴിക്കോട്(www.mediavisionnews.in): കെ.ടി. ജലീലിനെ കുറിച്ച് സി.പി.എമ്മിന് ശുഭാപ്തി വിശ്വാസവും അതുപോലെ ധൈര്യവുമുണ്ടെങ്കില്‍ പൊന്നാനി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മന്ത്രിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അദ്ദേഹം പൊന്നാനിയില്‍ മത്സരിക്കുമെന്ന സൂചന ഉള്ളതു കൊണ്ടാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ ജലീലിനെ വെല്ലുവിളിക്കുകയാണ്. കുറ്റിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജലീലിന്റെ വെല്ലുവിളി ഓര്‍മ്മിപ്പിച്ചപ്പോള്‍ കാത്തിരുന്ന് കാണാം എന്നും മജീദ് പറഞ്ഞു.
ജലീലിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ വിജിലന്‍സ് കേസെടുക്കണം. അന്വേഷണമുണ്ടായില്ലെങ്കില്‍ നിയമസഭയില്‍ ലീഗ് വിഷയം ഉന്നയിക്കും. ശബരിമല വിഷയം വന്നതുകൊണ്ട് മന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല. യു.ഡി.എഫ്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം ഉണ്ടാക്കും.
പ്രകോപനപരമായി പ്രസംഗിച്ചു നടക്കുന്നു എന്നല്ലാതെ വസ്തുത ഉള്‍ക്കൊണ്ട് ജലീല്‍ എവിടെയും സംസാരിക്കുന്നില്ല. മനോവിഭ്രാന്തി പിടിപെട്ട പോലെ മതപണ്ഡിതന്മാരെ കുറിച്ചടക്കം മോശമായി സംസാരിക്കുകയാണ്. മന്ത്രിയുടെ സ്വാധീനം അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി സ്ഥാനക്കയറ്റത്തിനും കാരണമായിട്ടുണ്ട്. സ്‌കൂള്‍ മാനേജ്മെന്റിനു ലീഗുമായി ബന്ധമില്ലെന്ന് അദ്ദേഹം അറിയിച്ചു.