തലപ്പാടി– കാലിക്കടവ‌് റോഡ‌് നിർമാണം ജനുവരിയിൽ

0
235

കാസർകോട‌് (www.mediavisionnews.in): തലപ്പാടി– കാലിക്കടവ‌് നാല‌ുവരി ദേശീയപാത വികസനത്തിന‌് കൂടുതൽ തുക ഉടൻ അനുവദിക്കുമെന്ന‌് കേന്ദ്ര മന്ത്രി നിധിൻ ഗഡ‌്ഗരി അറിയിച്ചതോടെ റോഡ‌് പ്രവൃത്തി ജനുവരിയിൽ തുടങ്ങാനാകും. ദേശീയപാത വികസന പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ വരുന്ന തലപ്പാടി– ചെങ്കള, ചെങ്കള– നീലേശ്വരം റീച്ചുകളിലെ റോഡ‌് നിർമാണമാണ‌്  സംസ്ഥാനത്ത‌്  ആദ്യം തുടങ്ങുക.

പാക്കേജ‌് ഒന്നിലെ ഭാഗം ഒന്ന‌്, രണ്ട‌് പ്രവൃത്തികളാണിത‌്. തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോ മീറ്റർ റോഡിന‌് 44 ഹെക്ടർ ഭൂമി ഏറ്റെടുത്തു. 1270  കോടി രൂപയാണ‌് നിർമാണ ചെലവ‌്. ചെങ്കള– നീലേശ്വരം പള്ളിക്കര മേൽപാലം  വരെയുള്ള  37 കിലോമീറ്റർ റോഡിനായി  42 ഹെക്ടർ ഭൂമിയാണ‌് ഏറ്റെടുത്തത‌്. 1400 കോടി രൂപയാണ‌്  നിർമാണ ചെലവ‌്.

നീലേശ്വരം മേൽപാലം മുതൽ കാലിക്കടവ‌് വരെയുള്ള 6.917 കിലോമീറ്റർ  റോഡ‌് വികസനം  പാക്കേജ‌് രണ്ടിലെ കണ്ണൂർ ഭാഗത്തിലാണ‌് ഉൾപ്പെടുന്നത‌്. 780 മീറ്റർ വരുന്ന നാലുവരി നീലേശ്വരം റെയിൽവേ മേൽപാലം നിർമാണം പരോഗമിക്കുകയാണ‌്.  82 കോടി രൂപയാണ‌് നിർമാണ ചെലവ‌്. മൂവായിരം കോടിയോളം രൂപയുടെ പ്രവൃത്തി മൂന്ന‌് മാസത്തിനകം ആരംഭിക്കുമെന്നാണ‌്  കേന്ദ്രമന്ത്രി ഉറപ്പ‌് നൽകിയത‌്.

ദേശീയപാത വികസനത്തിന‌് ഉദ്യോഗസ്ഥതലത്തിലുള്ള തടസ്സങ്ങൾ നീക്കാൻ അടിയന്തര നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട‌്.  ഇതോടെ ടെൻഡർ പൂർത്തിയാക്കി  ജനുവരിയിൽ പ്രവൃത്തി തുടങ്ങാനാകും.

  ഭൂമി ഏറ്റെടുക്കൽ നടപടികൾ പിണറായി സർക്കാരിന്റെ കാലത്ത‌് വേഗത്തിലായതിൽ വലിയ മതിപ്പാണ‌് കേന്ദ്ര മന്ത്രി പ്രകടിപ്പിച്ചത‌്.  നഷ്ടപരിഹാരം നൽകൽ പൂർത്തിയ 60 ശതമാനത്തോളം ഭൂമി   ഉടൻ റോഡ‌് നിർമാണത്തിന‌് ദേശീയപാത  അതോറിറ്റിക്ക‌് കൈമാറും. നഷ്ടപരിഹാരം ലഭിച്ചവർ ഭൂമിയിൽനിന്നും കെട്ടിടങ്ങളിൽനിന്നും ഒഴിഞ്ഞ‌് കഴിഞ്ഞു.   പുനരധിവാസ പദ്ധതി പ്രകാരം നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ള വാടകക്കാരുടെ  അപേക്ഷ കൈകാര്യം ചെയ്യാൻ കാസർകോട‌് കലക്ടറേറ്റിൽ ഡെപ്യൂട്ടി കലക്ടറുടെ ചുമതലയിൽ പ്രത്യേകം സെൽ തുറന്നിട്ടുണ്ട‌്.
നഷ്ടപരിഹാരം ലഭിച്ചിട്ടും  കെട്ടിടങ്ങളും ഭൂമിയും ഒഴിയാൻ തയ്യറാകാത്തവർക്കെതിരെ  നടപടിയെടുക്കാൻ ദേശീയപാത അതോറിറ്റി നിയമത്തിൽ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുന്നുണ്ട‌്.  ഇത്തരത്തിലുള്ള പരാതികൾ അധികമില്ലെന്ന‌് ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗം സ‌്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ കെ ശശിധര ഷെട്ടി  പറഞ്ഞു.
ജില്ലയിൽ ഭൂമി ഏറ്റെടുത്ത  4500 പേർക്കായി 1200 കോടിയോളം രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ‌്   കണക്ക‌്. തലപ്പാടി മുതൽ കാലിക്കടവ് വരെ 87 കിലോമീറ്റർ ദൂരത്തിലാണ് 45 മീറ്റർ വീതിയിൽ നാലുവരിയായി ദേശീയപാത വികസിപ്പിക്കുക. 97 ഹെക്ടർ ഭൂമിയാണ‌് ഏറ്റെടുത്തത‌്. ഇതിൽ 22 ഹെക്ടർ സർക്കാർ ഭൂമിയാണ‌്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here