ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പരമാവധി പ്രായം 37 ആക്കാന്‍ തീരുമാനം

0
247

കോഴിക്കോട്(www.mediavisionnews.in): സംസ്ഥാന സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പരമാവധി പ്രായം 37 ആക്കാന്‍ തീരുമാനം. ഇതോടെ നിലവിലെ സംസ്ഥാന സമിതിയില്‍ നിന്നും കുറഞ്ഞത് നാല്‍പതു പേരെങ്കിലും കോഴിക്കോട് ഞായറാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പുറത്താകും. എം സ്വരാജും എഎന്‍ ഷംസീറും സ്ഥാനമൊഴിയുമ്പോള്‍ പകരമെത്തുമെന്നു പ്രതീക്ഷിച്ചിരുന്നവര്‍ ഉള്‍പ്പെടെയാണിത്.

സിപിഎം കേന്ദ്രകമ്മിറ്റിയംഗം എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമിതിയുടെ ഫ്രാക്ഷനിലാണ് പ്രായപരിധി കര്‍ശനമാക്കാനുള്ള തീരുമാനമെടുത്തത്. പരമാവധി പ്രായം 37 ആകുന്നതോടെ നിലവിലെ തൊണ്ണൂറംഗ സംസ്ഥാന സമിതിയില്‍ നിന്നും പകുതിയോളം പേര്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും.

പുതിയ സംസ്ഥാന നേതൃത്വത്തിലേക്ക് വരുമെന്നു പ്രതീക്ഷിച്ചിരുന്ന എ.എ.റഹീം, നിതിന്‍ കണിച്ചേരി, എസ്.സതീഷ്, വി.പി.റജീന തുടങ്ങിയവരെല്ലാം പുറത്താകുന്നവരില്‍ ഉള്‍പ്പെടുന്നു. 37 വയസുപിന്നിട്ട ജില്ലാഭാരവാഹികളേയും മാറ്റണമെന്നും ഫ്രാക്ഷന്‍ നിര്‍ദേശമുണ്ട്. പി.കെ.ശശിക്കെതിരെ പരാതി നല്‍കിയ യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം നേരിടുന്ന പാലക്കാട് ജില്ലാസെക്രട്ടറി എസ്.പ്രേംകുമാര്‍, ടി.എം.ശശി എന്നിവര്‍ക്കും ഒഴിയേണ്ടി വരും.

ഫ്രാക്ഷന്റെ നിര്‍ദേശത്തില്‍ നാളെ തിരുവനന്തപുരത്തു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും അന്തിമതീരുമാനം. ബുധനാഴ്ചയാണ് കോഴിക്കോട് നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. കണ്ണൂര്‍ ജില്ലാസെക്രട്ടറി വി.കെ.സനോജ്, എം.വിജിന്‍ തുടങ്ങിയവരെയാണ് നേതൃത്വത്തിലേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here