ജലീലിന് വേണ്ടി പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിനു തയ്യാര്‍; കുഞ്ഞാലിക്കുട്ടിയെ സംവാദത്തിന് ക്ഷണിച്ച ജലീലിന് ഫിറോസിന്റെ മറുപടി

0
238

കോഴിക്കോട്(www.mediavisionnews.in): ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ സംവാദത്തിന് തയ്യാറാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ജലീലിന്റെ എല്ലാ വാദവും പൊളിഞ്ഞുവെന്നും പി.കെ ഫിറോസ് പറഞ്ഞു.

വിവാദത്തെ തുടര്‍ന്ന് ഇന്നലെ ബന്ധു അദീബ് രാജിവച്ചിരുന്നു. അദീബ് പറഞ്ഞ ആത്മാഭിമാനം അല്‍പമെങ്കിലും ഉണ്ടെങ്കില്‍ ജലീല്‍ രാജി വയ്ക്കണമെന്നും രാജി വെക്കും വരെ ജലീലിന് എതിരെ സമരം തുടരുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

‘ഭീരു ആയി ഒളിച്ചോടാതെ മന്ത്രി സംവാദത്തിനു തയ്യാറാകണം. ജലീലിന് വേണ്ടി പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിനു തയ്യാര്‍.’

പൊതു പരിപാടികളില്‍ ജലീലിന് പങ്കെടുക്കാന്‍ കഴിയാത്ത രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫിറോസ് വ്യക്തമാക്കി.

ഷെഡ്യൂള്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്‍ ആയ അദീബിനെ നിയമിച്ചതില്‍ തെറ്റില്ല എന്ന മന്ത്രിയുടെ വാദം തെറ്റാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്റ്റാറ്റിയൂട്ടറി പദവി വഹിക്കുന്നില്ല എന്ന് നേരത്തെ സുപ്രീം കോടതി പരാമര്‍ശമുണ്ട്.

സാഗര്‍ തോമസ് / ഫെഡറല്‍ ബാങ്ക് കേസില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. അദീബ് ഇതിനോടകം 56000 രൂപ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ട്. ജലീല്‍ ഇടപെട്ട് തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയെന്നും ഫിറോസ് ആരോപിച്ചു.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമായതോടെ ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ കെ.ടി അദീബ് രാജിവെച്ചിരുന്നു.

തന്നെ എസ്.ഐ.ബിയിലേക്ക് തിരിച്ചയക്കണമെന്നും അദീബ് ആവശ്യപ്പെട്ടിരുന്നു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ് പറഞ്ഞു.

അതേസമയം ഇന്ന് ചേരുന്ന കോര്‍പ്പറേഷന്‍ യോഗം രാജി ചര്‍ച്ച ചെയ്യും. ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനാണ് അദീബ്.

കെ.ടി അദീബിനെ ഡെപ്യൂട്ടേഷന്‍ എന്ന പേരില്‍ ചട്ടങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജരായി നിയമിച്ചുവെന്നായിരുന്നു ആരോപണം. എസ്.ഐ.ബിയിലെ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here