ന്യൂദല്‍ഹി(www.mediavisionnews.in): ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാറിനെ വെല്ലുവിളിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുസ്‌ലിം പള്ളികളില്‍ മൈക്രോഫോണ്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കൂ എന്നിട്ടു മതി ശബരിമലയില്‍ യുവതീ പ്രവേശനം എന്നാണ് അമിത് ഷായുടെ വെല്ലുവിളി.
ജയ്പൂരില്‍ നടന്ന പഞ്ചായത്ത് ആജ് തക് രാജസ്ഥാന്‍ എന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വാലുമായുള്ള ചര്‍ച്ചയിലാണ് അമിത് ഷായുടെ വെല്ലുവിളി.
മുസ്‌ലിം പള്ളികള്‍, ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ പുറത്തെ നഗരങ്ങളെ അഭിമുഖീകരിക്കുന്ന തരത്തില്‍ സ്ഥാപിക്കാന്‍ പാടില്ലയെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദം ആ ചുറ്റുപാടില്‍ മാത്രം ഒതുങ്ങുന്ന രീതിയില്‍ ഇവ ക്രമീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തെയാണ് മസ്ജിദുകളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് എന്ന രീതിയില്‍ അമിത് ഷാ വ്യാഖ്യാനിക്കുന്നത്.
‘സുപ്രീം കോടതിയുടെ മറ്റ് രണ്ട് ഉത്തരവുകളുണ്ട്. മുസ്‌ലിം പള്ളികളിലെ മൈക്കുമായി ബന്ധപ്പെട്ട കോടതി ഉത്തരവില്‍ കേരളാ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണ്. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യുന്നില്ല.’ എന്നും അമിത് ഷാ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ സമരം സുപ്രീം കോടതിയ്ക്ക് എതിരെയല്ലേയെന്ന ചോദ്യത്തോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പിലാക്കാന്‍ കഴിയാത്ത വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കരുതെന്ന് ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂരില്‍ അമിത് ഷാ പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നു പറഞ്ഞാണ് കോടതിയ്‌ക്കെതിരായ ഈ വിമര്‍ശനത്തെ അമിത് ഷാ ന്യായീകരിച്ചത്.
‘ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ ഞാന്‍ നിരാകരിക്കുകയല്ല ചെയ്യുന്നത്. എന്നാല്‍ എന്റെ അഭിപ്രായം പറയാനുള്ള അവകാശം എനിക്കുണ്ട്. ശബരിമല വിധിയ്‌ക്കെതിരെ ഞങ്ങള്‍ പ്രതിഷേധിക്കും.’ എന്നും ഷാ പറഞ്ഞു.
സമരം ചെയ്യുകയെന്നത് ഞങ്ങളുടെ ജനാധിപത്യപരമായ അവകാശമാണ് എന്നു പറഞ്ഞ്‌സുപ്രീം കോടതി വിധിയ്‌ക്കെതിരായ സമരത്തെ അമിത് ഷാ ന്യായീകരിക്കുകുയും ചെയ്യുന്നുണ്ട്.