ദല്‍ഹി(www.mediavisionnews.in):: കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 21 മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് സ്വദേശികളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
അനധികൃതമായി കടന്നതിന് അഫ്ഗാനിസ്താനില്‍ പിടിയിലായി നാടുകടത്തപ്പെട്ട മലയാളി നഷീദുല്‍ ഹംസഫറിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇവരെക്കുറിച്ച് എന്‍.ഐ.എ.ക്ക് വിവരം ലഭിച്ചത്. വിശദമായ തെളിവുകള്‍ ശേഖരിച്ചശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങിയേക്കും.
വയനാട് സ്വദേശിയും 26 കാരനുമായ നഷീദുലിനെ സെപ്റ്റംബറിലാണ് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയത്. ഐ.എസില്‍ ചേരാന്‍ 2016-ല്‍ അഫ്ഗാനിസ്താനിലേക്കു പോയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 21 അംഗ സംഘത്തില്‍ ഇയാളുടെ അടുത്ത സുഹൃത്തായ തൃക്കരിപ്പൂര്‍ സ്വദേശി ഷിഹാസ് അംഗമായിരുന്നു. സിറിയയില്‍ കൊല്ലപ്പെട്ടെന്നു കരുതുന്ന ഷിഹാസിന് അഫ്ഗാനിസ്താനിലെ കൊറസാന്‍ പ്രവിശ്യയിലെ ഐ.എസിന്റെ മാധ്യമവിഭാഗത്തിന്റെ ചുമതല ഉണ്ടായിരുന്നതായാണ് അന്വേഷസംഘം പറയുന്ന്ത. തൃക്കരിപ്പൂരില്‍ നിന്നു തന്നെയുള്ള അഷ്ഫാഖിന് സംഘത്തിലേക്ക് ആളെ ചേര്‍ക്കേണ്ട ചുമതലയായിരുന്നെന്നും നഷീദുല്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.
നഷീദുല്‍ ഉള്‍പ്പെടെ 22 മലയാളികളുടെ പട്ടിക നേരത്തേ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു കൈമാറിയിരുന്നു. ഇവരില്‍ പലരും കൊല്ലപ്പെട്ടതായാണ് വിവരമെങ്കിലും ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിച്ച ശേഷം ഇവര്‍ നാട്ടില്‍ തിരിച്ചെത്തി കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാനുള്ള സാധ്യതയും എന്‍.ഐ.എ. തള്ളിക്കളയുന്നില്ല.