കാസര്‍കോട് മെഡിക്കല്‍ കോളജ് കെട്ടിടം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

0
203

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ആരംഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി 95 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

25 കോടി രൂപ ചെലവിലാണ് മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക് പൂര്‍ത്തിയാകുന്നത്. മാത്രമല്ല മെഡിക്കല്‍ കോളജ് കാമ്പസിലേക്ക് 99 ലക്ഷം രൂപ ചെലവില്‍ റോഡും പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളേജ് ആശുപത്രി നിര്‍മ്മാണത്തിന് തുടക്കമായിരിക്കുകയാണ്. ആരോഗ്യരംഗത്ത് സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ട ജില്ലയാണ് കാസര്‍കോട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കൊപ്പം നാട്ടിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്പെടുന്നതാകും കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി.

നിലവില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി സൗകര്യങ്ങള്‍ കാസര്‍കോട് ജില്ലയിലില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് യഥാര്‍ത്ഥ്യമാകുന്നതോടെ അതിനും പരിഹാരമാകും. നിലവില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയാണ് കാസര്‍കോട് നിന്നുള്ളവര്‍ ആശ്രയിക്കുന്നത്. കണ്ണൂരില്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ ഉണ്ടെങ്കിലും മംഗലാപുരവുമായുള്ള സാമീപ്യം അവിടത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടതായി വരുന്നതെന്നും അതിനു മാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പി കരുണാകരന്‍ എം പി വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ , ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു , ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട് ,ബദിയഡുക്ക പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ലക്ഷ്മി നാരായണ പൈ, എം വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ പി ദിനേശ്കുമാര്‍ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here