സിഡ്‌നി (www.mediavisionnews.in): ഐ.പി.എല്ലും ലോകകപ്പും അടുത്തടുത്ത് വന്ന സാഹചര്യത്തില്‍ ഓസീസ് താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഐ.പി.എല്ലിലെ അവസാന ആഴ്ചകളില്‍ ലീഗില്‍ നിന്ന് മടങ്ങി തിരിച്ചു നാട്ടിലെത്തണമെന്നാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്. 15 അംഗ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാര്‍ക്ക് മെയ് ആദ്യം നടക്കുന്ന പ്രീടൂര്‍ണമെന്റ് ക്യാമ്പില്‍ പങ്കെടുക്കേണ്ടതുണ്ട്.
ലോകകപ്പ് മാത്രമല്ല, പാകിസ്താനെതിരായുള്ള ഓസ്‌ട്രേലിയയുടെ ഏകദിന പരമ്പര മാര്‍ച്ച് 19-29 വരെയാണ്. ഇതു കഴിഞ്ഞേ താരങ്ങള്‍ക്ക് ഐ.പി.എല്ലിന് എത്താന്‍ സാധിക്കുകയുള്ളൂ.
ഐ.പി.എല്‍ സാധാരണ ഗതിയില്‍ മാര്‍ച്ച് അവസാനം തുടങ്ങി മെയ് പകുതിയോടെയാണ് അവസാനിക്കുക. ഇത്തവണ ലോകകപ്പ് ആരംഭിക്കുന്നത് മെയ് 30നാണ്. ഐ.പി.എല്‍ തീരും വരെ കാത്തു നിന്നാല്‍ കളിക്കാര്‍ക്ക് ലോകകപ്പിനായി വേണ്ടത്ര വിശ്രമം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ ലോക ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ.
അടുത്ത മാസമാണ് ഐ.പി.എല്‍ താരങ്ങളുടെ ലേലം വിളി. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഐ.പി.എല്ലില്‍ വിശ്രമം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.