തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് നല്ലനടപ്പ് നിയമം പൂര്‍ണമായി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇതനുസരിച്ച് ആദ്യമായി കുറ്റം ചെയ്യുന്നവര്‍ക്ക് ശിക്ഷയുണ്ടാകില്ല. പകരം നല്ലനടപ്പിന് വിടും. യുവാതീ യുവാക്കള്‍ കുറ്റവാളികളായി മാറാതിരിക്കാന്‍ വേണ്ടിയുള്ള 2016ല്‍ സുപ്രീം കോടതി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എല്ലാ ജില്ലാകോടതികളും ഇത് നടപ്പാക്കണമെന്നും ഇതിനായുള്ള സംവിധാനം ഒരുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ചാണ് നല്ലനടപ്പിനുള്ള കാലാവധി തീരുമാനിക്കുക. 1958-ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് (നല്ലനടപ്പ് നിയമം) പൂര്‍ണമായി നടപ്പാക്കും. ഈ നിയമം നടപ്പാക്കാനുള്ള സംസ്ഥാനതല ഉപദേശക സമിതി യോഗം ഓഗസ്റ്റ് എട്ടിന് ചേര്‍ന്നിരുന്നു. ഈ സമിതിയുടെ തീരുമാനത്തിന്റെകൂടി അടിസ്ഥാനത്തിലാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിഗണിക്കുന്ന കാര്യങ്ങള്‍
* കേസിന്റെ സാഹചര്യം
* കുറ്റകൃത്യത്തിന്റെ സ്വഭാവം
* കുറ്റവാളിയുടെ പ്രായം, പ്രകൃതം
* കുടുംബപശ്ചാത്തലം
നടപ്പാക്കുന്നത് ഇങ്ങനെ
* പോലീസ് നല്‍കുന്ന കുറ്റപത്രം ജില്ലാ ജഡ്ജിയുടെയോ മറ്റ് ക്രിമിനല്‍ കോടതി ജഡ്ജിയുടെയോ മുന്നിലെത്തുമ്പോഴാണ് നടപടി തുടങ്ങുന്നത്.
* കോടതി പോലീസിന്റെയും പ്രൊബേഷണറി ഓഫീസറുടെയും സഹായത്തോടെ കുറ്റവാളിയുടെ വിവരങ്ങള്‍ ശേഖരിക്കും.
* ആദ്യമായി കുറ്റകൃത്യം ചെയ്യാനുള്ള സാഹചര്യം വേഗത്തില്‍ വിലയിരുത്തും.
* കുറ്റം ചെയ്തിട്ടുണ്ടെന്നും ആദ്യ കുറ്റമായതിനാല്‍ ശിക്ഷിക്കുന്നില്ലെന്നും കോടതി അറിയിക്കും. നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നല്ലനടപ്പിന് വിടുന്നെന്ന് അറിയിക്കുന്ന കോടതി, മേലില്‍ ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകരുതെന്നും നിര്‍ദേശിക്കുന്നു.
* തുടര്‍ന്ന് ജില്ലാ പ്രൊബേഷണറി ഓഫീസര്‍ നല്‍കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കുറ്റവാളിയെ വിട്ടയയ്ക്കും.
* വിട്ടയയ്ക്കുന്ന ആളെ കൃത്യമായി നിരീക്ഷിക്കും. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അറസ്റ്റുചെയ്ത് അതേ കോടതിയില്‍ ഹാജരാക്കി ജയിലിലടയ്ക്കും.
* വ്യവസ്ഥകള്‍ ലംഘിക്കാത്ത ആള്‍ പൂര്‍ണമായും സ്വതന്ത്രമാകും.
വിചാരണത്തടവുകാര്‍ക്കും ബാധകം
ആറുമാസത്തിലധികമായി ജയിലുകളില്‍ വിചാരണ കാത്തുകിടക്കുന്ന തടവുകാരുടെ കാര്യങ്ങള്‍ പരിശോധിക്കാന്‍ എല്ലാ ജില്ലകളിലും ഇപ്പോള്‍ത്തന്നെ പുനഃപരിശോധനാ സമിതിയുണ്ട്. സെഷന്‍സ് ജഡ്ജിയാണ് അധ്യക്ഷന്‍. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് മേധാവി, പോലീസ് കമ്മിഷണര്‍, ജില്ലാ പ്രൊബേഷണറി ഓഫീസര്‍, ജയില്‍ സൂപ്രണ്ടുമാര്‍, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ എന്നിവര്‍ സമിതിയിലുണ്ടാകും.
വിചാരണത്തടവുകാരുടെ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനോ ജാമ്യം നല്‍കാനോ നിര്‍ദേശിക്കാന്‍ സമിതിക്ക് അധികാരമുണ്ടാകും.
എന്താണ് നല്ലനടപ്പ്
കുറ്റവാളിയെ സ്വന്തം കുടുംബചുറ്റുപാടിലും സാമൂഹിക സാഹചര്യത്തിലും ജീവിക്കാന്‍ അവസരം നല്‍കല്‍. ഇത് കുറ്റംചെയ്തയാളില്‍ മനഃപരിവര്‍ത്തനത്തിനിടയാക്കും. ഇതുവഴി സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരു പൗരനാക്കി മാറ്റാനുതകുന്ന സാമൂഹികചികിത്സാ സമ്പ്രദായമാണ് നല്ലനടപ്പ് അഥവാ പ്രൊബേഷന്‍.
സമൂഹത്തിന് ഗുണമാകും
നല്ലനടപ്പ് നിയമം ജാഗ്രതയോടെ നടപ്പാക്കുന്നത് സമൂഹത്തിന് ഗുണമാകും. ഈ വിഷയം കാര്യമായി പരിഗണിക്കേണ്ടതുതന്നെയാണ്. കേസുകളുടെ ഗൗരവംനോക്കിയാണ് നല്ലനടപ്പ് അനുവദിക്കുക. അതുകൊണ്ടുതന്നെ ചില കേസുകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.
-ജസ്റ്റിസ് കെ.ടി. തോമസ്, സുപ്രീംകോടതി മുന്‍ ജഡ്ജി.