അന്തരിച്ച എംഎല്‍എ പി.ബി.റസാഖിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ആദ്യദിനം പിരിഞ്ഞു

0
230

തിരുവനന്തപുരം(www.mediavisionnews.in):: നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഭ പിരിഞ്ഞു.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അന്തരിച്ച അംഗത്തെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം വായിച്ചു.നിയമസഭയിലെ പുഞ്ചിരിക്കുന്ന സാന്നിധ്യമായിരുന്നു പി.ബി.അബ്ദുള്‍ റസാഖെന്നും അദ്ദേഹത്തിന്റെ വിയോഗം അവിശ്വസനീയമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടു പറഞ്ഞു. നാടിനും നാട്ടുകാര്‍ക്കും ഗുണം ചെയ്യുന്ന കാര്യങ്ങള്‍ക്കായി ആദ്യാവസാനം പ്രവര്‍ത്തിച്ച ആളാണ് റസാഖെന്നും സപ്തഭാഷ ഭൂമിയായ കാസര്‍ഗോഡിന്റെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ചാണ് അദ്ദേഹം ജനപ്രിയനായ നേതാവായി മാറിയതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

വി.എസ്.സുനില്‍ കുമാര്‍ (സിപിഐ), എം.കെ.മുനീര്‍(ഐയുഎംഎല്‍),സി.കെ.നാണു(ജനതാദള്‍), കെ.എം.മാണി(കേരള കോണ്‍ഗ്രസ് എം), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജെ), കടന്നപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ് എസ്), ഒ.രാജഗോപാല്‍ (ബിജെപി), വിജയന്‍പിള്ള (സിഎംപി), കെബി ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി), പിസി ജോര്‍ജ്, തുടങ്ങി വിവിധ കക്ഷി നേതാക്കള്‍ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.

13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് ചേരുന്നതെങ്കിലും ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കും. നാളെ സഭ വീണ്ടും ചേരുമ്പോള്‍ ശബരിമല, പി.കെ.ശശി, കെടി ജലീലിനെതിരായ ബന്ധു നിയമന വിവാദം തുടങ്ങിയവ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാവും പ്രതിപക്ഷനീക്കം. സുപ്രീംകോടതി വിധിയും നവോത്ഥാന പ്രസ്ഥാനവും ഉയര്‍ത്തിയാവും സര്‍ക്കാര്‍ ശബരിമല വിഷയത്തിലെ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുക.

ഇത്തവണ മുതല്‍ രാവിലെ ഒന്‍പത് മണിക്കാണ് സഭാ നടപടികള്‍ തുടങ്ങുന്നത്.ഒന്‍പത് മുതല്‍ മുതല്‍ 10 വരെയായിരക്കും ചോദ്യോത്തരവേള. തുടര്‍ന്ന് രാവിലെ 10നാണ് ശൂന്യവേള. എല്ലാ ദിവസവും രണ്ടരക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത്തവണ നടപ്പാക്കില്ല. സമ്മേളനം ഡിസംബര്‍ 13 ന് അവസാനിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here