കര്‍ണ്ണാടക (www.mediavisionnews.in): കര്‍ണ്ണാടകയില്‍ 125 അടി ഉയരത്തില്‍ 1200 കോടി ചിലവില്‍ ‘കാവേരി’ പ്രതിമ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് കര്‍ണ്ണാടക സര്‍ക്കാര്‍. നര്‍മ്മദാ തീരത്തെ പട്ടേല്‍ പ്രതിമയുടെ മാതൃകയിലാണ് കര്‍ണ്ണാടകയിലും പ്രതിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
കര്‍ണ്ണാടകയിലെ മാണ്ട്യ ജില്ലയില്‍ കാവേരി നദീ തീരത്തെ കെ.ആര്‍.എസ് അണക്കെട്ടിന് സമീപമായാണ് പ്രതിമ നിര്‍മ്മിക്കുന്നത്. കാവേരി നദിയെ അമ്മയായി സങ്കല്‍പ്പിച്ചാണ് പ്രതിമയുടെ നിര്‍മ്മാണമെന്നും, 1200 കോടി രൂപാ ചിലവാണ് പ്രാഥമികമായി പ്രതിമയുടെ നിര്‍മ്മാണത്തിന് പതീക്ഷിക്കുന്നതെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ പറയുന്നു.
വിനോദസഞ്ചാര കേന്ദ്രമായി കര്‍ണ്ണാടകയെ മാറ്റുക, കാവേരി നദിയിലെ മണല്‍ ഊറ്റല്‍ തടയുക തുടങ്ങിയ ആവശ്യങ്ങളാണ് നിര്‍മ്മാണത്തിന് പിന്നില്‍ എന്ന് മുഖ്യമന്ത്രി എഫ്.ഡി. കുമാരസ്വാമി പറഞ്ഞു. പ്രതിമയുടെ നിര്‍മ്മാണം വഴി കര്‍ണ്ണാടകയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായി പ്രദേശം മാറുമെന്നും അത് വഴി മണല്‍ ഊറ്റല്‍ നിലയ്ക്കുമെന്നും മുഖ്യമന്ത്രി കുട്ടിച്ചേര്‍ത്തു.
2 വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പ്രതിമയ്ക്ക് വേണ്ടിയുള്ള സ്ഥലം വിട്ടു നല്‍കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിര്‍മ്മാണം പുര്‍ണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെ നടത്താണാണ് ഉദ്ദേശിക്കുന്നത്. അദ്ദേഹം പറഞ്ഞു.