ഹിന്ദു യുവാവിന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ പ്രാര്‍ത്ഥനാസംഗമം നടത്തി മഹല്ല് കമ്മിറ്റി

0
233

മലപ്പുറം (www.mediavisionnews.in): മനുഷ്യത്വത്തിനു മുന്നില്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ തകരുന്ന മാനവികതയുടെ നല്ല പാഠമാണ് മലപ്പുറം പകര്‍ന്നു നല്‍കുന്നത്. കാളികാവ് കല്ലാമൂലയിലെ ഹിന്ദു മതത്തില്‍പെട്ട യുവാവിന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ കല്ലാമൂല മഹല്ല് കമ്മിറ്റി മതപ്രഭാഷണവും പ്രാര്‍ത്ഥനാ സദസും നടത്തി.

കല്ലാമൂലയില്‍ താമസിക്കുന്ന പുതിയത്ത് കറുപ്പന്റെ മകന്‍ ദിബേഷിന്റെ ചികിത്സക്കാണ് മഹല്ല് കമ്മിറ്റി മതപ്രഭാഷണവും പ്രാര്‍്ത്ഥനാ സദസും നടത്തിയത്. മതം കാരുണ്യമാണ് എന്ന വിഷയത്തില്‍ ഫരീദ് റഹ്മാനിയാണ് രണ്ടു ദിവസത്തെ പ്രഭാഷണം നടത്തിയത്. ദിബേഷിന്റെ ചികിത്സാനിധിയിലേക്കു രണ്ടു ലക്ഷം രൂപയാണ് സമാഹരിച്ചത്.

കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയ ദിബേഷിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തിയത് മൂന്നു മാസം മുമ്പാണ്. മകന്റെ ജീവന്‍ രക്ഷിക്കാന്‍ അമ്മ കോമളവല്ലി വൃക്ക നല്‍കാന്‍ തയ്യാറാണ്. ചികിത്സാചെലവായി 20 ലക്ഷം വേണമെന്നതാണ് നിര്‍ധന കുടുംബത്തെ പ്രതിസന്ധിയിലാക്കിയത്.

ദിബേഷ് കിടപ്പിലായതോടെ കുടുംബത്തിന്റെ ജീവിതം പോലും പ്രയാസമായി. നാട്ടുകാര്‍ ചികിത്സാ കമ്മിറ്റിയുണ്ടാക്കി രംഗത്തെത്തി. വിവരമറിഞ്ഞ് മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള സബീലുല്‍ഹുദ യുവജന സംഘം പണം കണ്ടെത്താന്‍ മതപ്രഭാഷണവും പ്രാര്‍ത്ഥനാസംഗമവും നടത്തുകയായിരുന്നു.

പള്ളിക്കും മദ്രസകളുടെ നവീകരണത്തിനും മറ്റും പണംസമാഹരിക്കാനാണ് സാധാരണയായി മതപ്രഭാഷണവും പ്രാര്‍ത്ഥനാ സംഗമങ്ങളും നടത്തുക. ഇവിടെ ഇതര മതസ്ഥനായ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി പണം സമാഹരിക്കാന്‍ നടത്തിയ മതപ്രഭാഷണം അപൂര്‍വ്വതയാവുകയാണ്. സാമുദായിക അതിര്‍വരമ്പുകളില്ലാത്ത വിവിധ, ജാതി മതക്കാരും പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കാളികളായി.

കല്ലാമൂലയിലെ രാധയാണ് പ്രഭാഷണ വേദിയില്‍ ലേലം ചെയ്യാനുള്ള തേന്‍ എത്തിച്ചു നല്‍കിയത്. ലേലത്തില്‍ വലിയ വില നല്‍കിയാണ് വിശ്വാസികള്‍ തേനടക്കമുള്ളവ സ്വന്തമാക്കിയത്. മഹല്ല് കമ്മിറ്റി തുടങ്ങിയ സേവനം സമൂഹം ഏറ്റെടുത്തതില്‍ അഭിമാനമുണ്ടെന്ന് മഹല്ല് ഖാസി കെ.വി സൈതലവി ബാഖവി പറഞ്ഞു. മതത്തിന്റെ പേരില്‍ പരസ്പരം പോരടിക്കുന്നവര്‍ക്ക് കാണാന്‍ നന്‍മയുടെ വെളിച്ചം വിതറുകയാണ് മലപ്പുറത്തെ കല്ലാമൂല മഹല്ല് കമ്മിറ്റി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here