ശബരിമല വിവാദം മുതലാക്കി ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപിക്ക് ആര്‍എസ്എസിന്റെ നിര്‍ദേശം

0
191

ബംഗളൂരു(www.mediavisionnews.in): ശബരിമല വിവാദം മുതലാക്കി ദക്ഷിണേന്ത്യയില്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്ക് ആര്‍എസ്എസിന്റെ നിര്‍ദേശം. മംഗലാപുരത്ത് കഴിഞ്ഞ ദിവസം നടന്ന ദക്ഷിണേന്ത്യന്‍ ബൈഠക് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തരെ സംഘടിപ്പിച്ച് ശബരിമല പ്രക്ഷോഭത്തില്‍ പങ്കാളികളാക്കാനും അതുവഴി നിലവില്‍ കാര്യമായ സാന്നിധ്യമല്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തി വര്‍ദ്ധിപ്പിക്കാനും ആര്‍എസ്എസ് ആവശ്യപ്പെട്ടത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് ആര്‍എസ്എസ് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടതായി സംഘടനാ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ശബരിമല വിഷയമെന്ന് ആര്‍എസ്എസ് വ്യക്തമാക്കുന്നു.

കേരളത്തിനു പുറമേ, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുണ്ട്. ശബരിമല വിഷയം കേരളത്തില്‍ വലിയ ശാക്തീകരണത്തിന് കാരണമായ സാഹചര്യത്തില്‍ ഇതേ തന്ത്രം മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പയറ്റുന്നത് ഗുണകരമാവുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍.

മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബൂത്ത് തലങ്ങളില്‍ അയ്യപ്പ ഭക്തരെ സംഘടിപ്പിക്കുക, അയ്യപ്പ ഭക്ത കൂട്ടായ്മകളിലൂടെ പാര്‍ട്ടി അടിത്തറ ശക്തമാക്കുക, കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുക, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം കാണുക. ഇതാണ് ബൈഠക്കില്‍ ഉരുത്തിരിഞ്ഞ ആര്‍എസ്എസ് തന്ത്രമെന്നാണ് റിപ്പോര്‍ട്ട്.

കര്‍ണാടകയില്‍ ഒഴിച്ച് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക്  കാര്യമായ സ്വാധീനമില്ല. ഈ സാഹചര്യത്തിലാണ് ശബരിമല വിഷയത്തെ വളരാനുള്ള അവസരമായി ഉപയോഗിക്കാന്‍ ആര്‍എസ്എസ് ശ്രമം.

ഈ തന്ത്രം ഉപയോഗിച്ച് ദക്ഷിണേന്ത്യയില്‍ വലിയ കുതിപ്പ് നടത്തണമെന്നാണ് ആര്‍.എസ്.എസ് അമിത് ഷായ്ക്ക് നല്‍കിയ നിര്‍ദേശം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ വാതിലായാണ് ആര്‍എസ്എസ് കാണുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here