ശബരിമലയിലെ നിരോധാനാജ്ഞ ലംഘിക്കല്‍; കെ. സുരേന്ദ്രന് ജാമ്യമില്ല, അറസ്റ്റിലായ 68 പേര്‍ റിമാന്‍ഡില്‍

0
219

പത്തനംതിട്ട(www.mediavisionnews.in): ശബരിമലയില്‍ നിരോധാനാജ്ഞ ലംഘിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. മറ്റന്നാള്‍ കേസ് വീണ്ടും പരിഗണിക്കുമെന്നും ജാമ്യാപേക്ഷ അന്ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

പൊലീസ് റിപ്പോര്‍ട്ട് കിട്ടിയശേഷം ജാമ്യാപേക്ഷപരിഗണിക്കാമെന്നാണ് കോടതി നിലപാട്.

അതേസമയം ശബരിമലയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 68 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ ഇവരെ പല ഘട്ടങ്ങളായാണ് കോടതിയില്‍ ഹാജരാക്കിയത്. തങ്ങള്‍ ശരണം വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.

അര്‍ദ്ധരാത്രി വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രതിഷേധിച്ച 70 പേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു. പിടിയിലായവരില്‍ നേരത്തെ പൊലീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 15 പേരുമുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് സന്നിധാനത്ത് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. വിരി വയ്ക്കുന്നതിനുളള നിയന്ത്രണത്തിനെതിരെ ഇരുന്നൂറിലേറെപ്പേര്‍ വലിയ നടപ്പന്തലിലേക്ക് ശരണം വിളിച്ച് നീങ്ങുകയായിരുന്നു.

പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു. നേതാക്കളെ മാത്രം അറസ്റ്റ് ചെയ്യാനാകില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുത്തതോടെ രംഗം വഷളായി. പ്രതിഷേധക്കാര്‍ മാളികപ്പുറം ക്ഷേത്രത്തിന് അടുത്തേക്ക് നീങ്ങിയപ്പോഴായിരുന്നു കൂട്ട അറസ്റ്റ്. എതിര്‍ത്തവരെ പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കി. പ്രതിഷേധത്തിനിടയില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

നിരോധനാജ്ഞ ലംഘിച്ചതിനും, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

എറണാകുളത്ത് ആര്‍.എസ്.എസ് സംഘടനാ ചുമതലയുള്ള ആര്‍.രാജേഷ് ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ചിത്തിര ആട്ട വിശേഷ സമയത്തും ഇയാള്‍ സന്നിധാനത്ത് സജീവമായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here