കാസര്‍കോട് (www.mediavisionnews.in): ഉപ്പള മണ്ണും കുഴിയിലെ അബ്ദുള്‍ മുത്തലിബിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന അഞ്ചാം പ്രതി കോടതിയില്‍ കീഴടങ്ങി.
ഉപ്പളയിലെ അഹമ്മദ് അന്‍സാറാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്. അഹമ്മദ് അന്‍സാറിനെ കോടതി റിമാണ്ട് ചെയ്തു.
2013 ഒക്‌ടോബര്‍ 24 ന് രാത്രിയാണ് കൊല നടന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന മുത്തലിബ് വീടിന് 100 മീറ്റര്‍ അകലെ ഓടിച്ചു പോവുകയായിരുന്ന ആള്‍ട്ടോകാര്‍ ഗുണ്ടാതലവനായിരുന്ന കാലിയാ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു.
അപകടം തിരിച്ചറിഞ്ഞ മുത്തലിബ് കാര്‍വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിലിടിച്ചു നിന്നു. പിന്തുടര്‍ന്നെത്തിയ സംഘം കാറിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്ത ശേഷം മുത്തലിബിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടു പോകവെയാണ് മുത്തലിബ് മരിച്ചത്.
സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കാലിയാറഫീഖ് അടക്കം 4 പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും അഞ്ചാം പ്രതി അഹമ്മദ് അന്‍സാര്‍ ഒളിവില്‍ പോവുകയായിരുന്നു.
പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്‍സാറിനെതിരെ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. കാലിയാ റഫീഖ് അടക്കമുള്ള പ്രതികള്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ പിന്നീട് ജാമ്യത്തിലിറങ്ങി. മുഖ്യപ്രതിയായ റഫീഖ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.