തിരുവനന്തപുരം (www.mediavisionnews.in): 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടെ മുതലെടുപ്പിന് ശ്രമിക്കുന്ന ബിജെപി, പാര്‍ട്ടി അംഗങ്ങളെ കൂട്ടാനും ഇത് കരുവാക്കുന്നു. ശബരിമല വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വരുന്ന ഭക്തര്‍ക്കിടയില്‍ ബി.ജെ.പി അംഗത്വം നല്കാന്‍ ശ്രമിക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃദു ഹിന്ദുത്വ നിലപാടില്‍ നില്‍ക്കുന്നവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാണ് ബിജെപി ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇക്കഴിഞ്ഞ ദിവസം മാംഗ്ലൂരില്‍ നടന്ന ആര്‍എസ്എസ് ചടങ്ങിനിടയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയതും ഇക്കാര്യം തന്നെയായിരുന്നു. ശബരിമല വിഷയം പരമാവധി കത്തിച്ച് കേരളത്തില്‍ ബിജെപിക്ക് അനുകൂല സാഹചര്യമുണ്ടാക്കണമെന്നായിരുന്നു ആര്‍എസ്എസ് യോഗത്തില്‍ അമിത്ഷാ വ്യക്തമാക്കിയത്.
അതിനുമുമ്പേ, കോഴിക്കോട് യുവമോര്‍ച്ചാ പരിപാടിക്കെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ശബരിമല വിഷയം ബിജെപിക്ക് സുവര്‍ണാവസരമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് ബിജെപി മെംബര്‍ഷിപ്പ് കാമ്പയിന്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ ആരംഭിച്ചിരിക്കുന്നത്.
മണ്ഡലകാലം തുടങ്ങിയതോടെ കൂടുതല്‍ യുവതികള്‍ മലചവിട്ടാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതടിസ്ഥാനത്തില്‍ സമരം കൂടുതല്‍ ശക്തമാക്കി ഹൈന്ദവ സമുദായത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി തക്കംപാര്‍ക്കുന്നത്.