ബിജെപിയുടെ എതിര്‍പ്പുകള്‍ക്കിടെ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം

0
222

ബംഗളുരു (www.mediavisionnews.in): ബിജെപിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടെ എതിപ്പുകള്‍ക്കിടയിലും കര്‍ണാടക ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നു. ബിജെപി പ്രതിഷേധം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കുടക്, ചിത്രദുര്‍ഗ, ശ്രീരംഗപട്ടണ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ, സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഘോഷയാത്രകള്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്‍റെ പാത പിന്തുടര്‍ന്ന് ടിപ്പു ജയന്തി ആഘോഷിക്കുമെന്ന് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, മുഖ്യമന്ത്രി ടിപ്പു ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയില്‍ പങ്കെടുക്കില്ല. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. നേരത്തെ, കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ട് വന്ന ടിപ്പു ജയന്തിയെ ജെഡിഎസ് എതിര്‍ത്തിരുന്നു.

പക്ഷേ, സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതോടെ ഈ നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. ടിപ്പു ജയന്തി ആഘോഷിക്കുന്നതില്‍ സര്‍ക്കാരിലും ഭിന്നതയുള്ളത് കൊണ്ടാണ് കുമാരസ്വാമി പങ്കെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് ടിപ്പു ജയന്തി ഔദ്യോഗികമായി ആഘോഷിക്കാനുള്ള തീരുമാനം ഉണ്ടായത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here