ബന്ധുനിയമന വിവാദം; മന്ത്രി കെ.ടി ജലീലിന്റെ പരാമര്‍ശത്തിന് എതിരെ മാനഷ്ടകേസുമായി നജീബ് കാന്തപുരം

0
234

കോഴിക്കോട്(www.mediavisionnews.in) : മന്ത്രി കെ.ടി ജലീലിന് എതിരെ മാനനഷ്ടക്കേസിന് വക്കീല്‍ നോട്ടീസ്. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരമാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ചാണ് നജീബ് കാന്തപുരം വക്കീല്‍ നോട്ടീസ് അയച്ചത്.

പത്ര സമ്മേളനത്തില്‍ കൊടുവള്ളി ഭാഗത്തുള്ള നിരവധിയാളുകള്‍ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാനുണ്ടെന്നും ഇവര്‍ വായ്പ എടുത്തത് നജീബ് കാന്തപുരത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

എന്നാല്‍ കേരള സ്റ്റേറ്റ് മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും. താനോ തന്റെ കുടുംബാംഗങ്ങളോ ഇത് വരെ ഒരു വായ്പക്ക് വേണ്ടി ഈ സ്ഥാപനത്തെ സമീപിച്ചിട്ടില്ലെന്നും നജീബ് കാന്തപുരം വ്യക്തമാക്കി. താന്‍ ആര്‍ക്കു വേണ്ടിയും വായ്പക്കായി ശുപാര്‍ശ ചെയ്തിട്ടില്ലെന്നുമിരിക്കെ ഇത്തരം ഒരു ആക്ഷേപം ഉന്നയിച്ചത് തന്നെ വ്യക്തിഹത്യ നടത്തുന്നതിന് വേണ്ടിയാണെന്നും മനപ്പൂര്‍വ്വം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത് ബോധപൂര്‍വ്വമാണെന്നും നജീബ് കാന്തപുരം നോട്ടീസില്‍ വ്യക്തമാക്കി.

കൊടുവള്ളി മേഖല ഉള്‍പ്പെടെ കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നും പ്രസ്തുത കോര്‍പ്പറേഷന്‍ വഴി വായ്പ എടുത്ത നിരവധി പേരുണ്ട് . ഒരു പ്രദേശത്തെ മാത്രം മന്ത്രി ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നതും ദുരുദ്ദേശപരമാണെന്നും നജീബ് പറഞ്ഞു. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണത്തിന് ക്ഷമാപണം നടത്തിയില്ലെങ്കില്‍ ഒരാഴ്ചക്കകം കേസ് ഫയല്‍ ചെയ്യുമെന്നാണ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അഡ്വ. എ.വി അന്‍വര്‍ മുഖേനയാണ് മന്ത്രി കെ.ടി ജലീലിന് നജീബ് നോട്ടീസ് അയച്ചത്.

മന്ത്രി കെ.ടി ജലീല്‍ അനധികൃതമായി ബന്ധുനിയമനം നടത്തിയെന്ന് പി.കെ ഫിറോസും നജീബ് കാന്തപുരവും പത്രസമ്മേളനത്തിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ യാഗ്യതയുള്ളവര്‍ എത്താത്തത് കൊണ്ടാണ് സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിയതെന്നായിരുന്നു മന്ത്രി പറഞ്ഞത്. ജനറല്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തിയത് പത്ര പരസ്യം നല്‍കിയാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ തിരിച്ചു പിടിക്കാനാണ് ജനറല്‍ മാനേജറെ നിയമിച്ചത്. വായ്പകള്‍ തിരിച്ചടക്കാത്തത് ഭൂരിഭാഗവും ലീഗുകാരാണ്. ഇതു തിരിച്ചു പിടിക്കാന്‍ തുടങ്ങിയതോടെയാണ് ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here