ദുബായ്(www.mediavisionnews.in): വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാവകാശം നൽകണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമായി. ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ കേരളത്തിൽ നിന്ന് ഇതുവരെ 23,410 പ്രവാസി വോട്ടർമാർ മാത്രമാണുള്ളത്. വിവിധ ഗൾഫ് രാജ്യങ്ങളിലായി 25 ലക്ഷത്തിലധികം പ്രവാസി മലയാളികൾ ജോലി ചെയ്യുന്നുണ്ട്.
സാധാരണക്കാരായ പ്രവാസികളിൽ ഭൂരിഭാഗവും ഗൾഫ് നാടുകളിലാണെന്നിരിക്കെ സമയം നീട്ടിനൽകണമെന്നാണ് ആവശ്യം. അപേക്ഷകളുടെ അടിസ്ഥാനത്തിൽ ജനുവരി നാലിനാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയിൽ പേരുള്ളവർക്കു മാത്രമേ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകൂ. മുഖ്യധാരാ രാഷ്ട്രീയ സംഘടനകളുടെ പ്രവാസി വിഭാഗങ്ങൾ കഴിഞ്ഞയാഴ്ച വോട്ടുചേർക്കൽ ക്യാംപെയ്ൻ ശക്തമാക്കിയെങ്കിലും സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കവും പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കി. തൊഴിൽ പ്രശ്നങ്ങളും ബാധിച്ചിട്ടുണ്ട്.
പ്രവാസിക്കൂട്ടായ്മകള്‍ വഴിയും സമൂഹമാധ്യമങ്ങളിലൂടെയും പേരു ചേര്‍ക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചിരുന്നെങ്കിലും പലരും പട്ടികയിൽ പേരുൾപ്പെടുത്താത്ത സാഹചര്യമാണുള്ളത്. പ്രവാസി വോട്ട് എന്ന ആശയത്തിന് പൂർണതയുണ്ടാകാൻ എല്ലാവർക്കും അവസരമുണ്ടാകണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലും മറ്റും വ്യാപൃതരായ സാധാരണക്കാരായ മലയാളികളിൽ പലരും ഇനിയും പട്ടികയിൽ പേരുൾപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ കുറേക്കൂടി സുതാര്യത ഉറപ്പാക്കണമെന്നും പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നു. പട്ടികയിൽ പേരു ചേർക്കുന്നതോടൊപ്പം കെ.എം.സി.സി അടക്കമുള്ള സംഘടനകള്‍ നാട്ടില്‍ നിന്ന് നേതാക്കന്മാരെ ഗള്‍ഫിലെത്തിച്ച് ബോധവത്കരണ നടപടികൾ ഊർജിതമാക്കുന്നതിനെകുറിച്ചും ആലോചിക്കുന്നുണ്ട്.