ന്യൂഡൽഹി (www.mediavisionnews.in): പ്രവാസിപ്പണത്തിന്റെ 2016-17 സാമ്പത്തികവർഷത്തെ കണക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യം ഇന്ത്യതന്നെയാണ്. ഇതിൽ ഒന്നാമത് കേരളവും. യു.എ.ഇ.യിൽനിന്നാണ് ഏറ്റവും കൂടുതൽ പണം ഇന്ത്യയിലെത്തുന്നത്.
മൊത്തം പ്രവാസിപ്പണത്തിന്റെ 26.9 ശതമാനവും വന്നത് യു.എ.ഇ.യിൽ നിന്നാണ്. 22.9 ശതമാനവുമായി യു.എസ്.എ.യാണ് രണ്ടാംസ്ഥാനത്ത്. സൗദി അറേബ്യ(11.6), ഖത്തർ (6.5), കുവൈത്ത് (5.5), ഒമാൻ (3), യു.കെ(3) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
മൊത്തം പണത്തിന്റെ 50 ശതമാനവും വന്നത് ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. ഇന്ത്യയിൽനിന്നുള്ള പ്രവാസികളിൽ 90 ശതമാനവും ജോലിചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലും ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലുമാണ്.
6900 കോടി ഡോളറാണ് (4,95,661 കോടി രൂപ) ഇന്ത്യയിലെത്തിയത്. ഇതിന്റെ 46 ശതമാനവും നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണെത്തുന്നത്. ആർ.ബി.ഐ. സർവേപ്രകാരം മൊത്തം പ്രവാസിപ്പണത്തിന്റെ 19 ശതമാനം (94175 കോടി രൂപ) എത്തിയത് കേരളത്തിലേക്കാണ്. 16.7 ശതമാനവുമായി മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തും 15 ശതമാനവുമായി കർണാടകം മൂന്നാംസ്ഥാനത്തുമാണ്. തമിഴ്‌നാട് (എട്ടു ശതമാനം), ആന്ധ്രാപ്രദേശ് (നാലു ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.