കാസര്‍കോട് (www.mediavisionnews.in): പോലീസിനെ പൂര്‍ണമായും സി.പി.എം സേനയാക്കി മാറ്റി മുസ്ലിം ലീഗിന് സംഘടനാ പ്രവര്‍ത്തനവും നീതിയും നിഷേധിക്കുന്ന സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനുകള്‍ സി.പി.എം ഓഫീസിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. പൊതുസ്ഥലം കയ്യേറി മാസങ്ങളോളം സി.പി.എം ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും തോരണങ്ങളും സ്ഥാപിച്ചാല്‍ കണ്ടില്ലെന്ന് നടിക്കുന്ന പോലീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എടുത്ത് മാറ്റുകയാണ്.
യുവജന യാത്രയുടെ മുന്നോടിയായി നടക്കുന്ന പദയാത്രയുടെയും ജനസഭയുടെയും നാട്ടുക്കുട്ടത്തിന്റെയും പ്രചാരണാര്‍ത്ഥം സ്ഥാപിച്ച കൊടികളും ബാനറുകളും പരിപാടിക്ക് മുമ്പ് തന്നെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോലീസ് പൊതു സ്ഥലം കയ്യേറി സി.പി.എം മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പ്രചാരണ ബാനറുകളും പതാകകളും നീക്കം ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത് ഞങ്ങളുടെ ജോലിയല്ലെന്നാണ് പറയുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസുകളുടെ അന്വേഷണങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയും സി.പി.എം നല്‍കുന്ന കള്ള പരാതികളില്‍ നിരപരാധികളെ പ്രതിചേര്‍ക്കാന്‍ പോലീസ് ധൃതികൂട്ടുകയുമാണ്. ചില ഉദ്യോഗസ്ഥര്‍ സി.പി.എം ഏരിയ സെക്രട്ടറിമാരുടെ റോളിലാണ് പ്രവര്‍ത്തിക്കുന്നത്.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നവംബര്‍ 24 മുതല്‍ ആരംഭിക്കുന്ന പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ വര്‍ഗ്ഗീയ മുക്ത ഭാരതം, ആക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ജന വിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ നടത്തുന്ന യുവജന യാത്ര കേരള രാഷ്ടിയത്തില്‍ സൃഷ്ടിക്കുന്ന മാറ്റം മുന്‍കുട്ടി മനസ്സിലാക്കിയ സി.പി.എം പോലീസിനെ ഉപയോഗിച്ച് യുവജനയാത്രയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും ആശയപ്രചാരണത്തിനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അത് നിഷേധിക്കാന്‍ ശ്രമിക്കുന്നത് ഫാസിസമാണെന്നും രാഷ്ട്രീയ പ്രേരിതമായി പോലീസ് ഇരട്ട നീതി നടപ്പിലാക്കിയാല്‍ അത് നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും പോലീസിന്റെ രാഷ്ട്രീയ അടിമത്തത്തിനും നീതി നിഷേധത്തിനുമെതിരെ സ്റ്റേഷന്‍ മാര്‍ച്ചടക്കമുള്ള സമര പരിപാടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും അബ്ദുല്‍ റഹ്മാന്‍ മുന്നറിയിപ്പ് നല്‍കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.