കാസര്‍കോട്(www.mediavisionnews.in):കളക്‌ട്രേറ്റിന് മുന്നില്‍ ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം. 24 മണിക്കൂറിനുള്ളില്‍ തന്റെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ടവറിനു മുകളില്‍ നിന്നും ചാടിമരിക്കുമെന്നാണ് കാറഡുക്ക സ്വദേശിയുടെ ആത്മഹത്യാ ഭീഷണി. കാറഡുക്ക നെല്ലിയടുക്ക സ്വദേശിയായ പി കെ മോഹന്‍ദാസ് (64) ആണ് ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. സ്ഥലംസംബന്ധമായ പ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് കലക്ട്രേറ്റിനു സമീപത്തെ മൊബൈല്‍ ടവറില്‍ കയറി ഭിന്നശേഷിക്കാരനായ ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
വാഹനാപകടത്തില്‍പെട്ട് 75 ശതമാനം ഡിസെബിലിറ്റിയുള്ള വ്യക്തിയാണ് മോഹന്‍ദാസ്. ജില്ലാ കോടതിയുടെ സ്റ്റേ ലംഘിച്ച് കോടതിയലക്ഷ്യം കാട്ടി പരസ്യ ലേല വില്‍പന നടത്തി ദാമോദരന്‍ എന്നവരില്‍ നിന്നും ആദ്യഗഡു സംഖ്യ കൈപറ്റി വിട്ടുകൊടുത്ത് സമര്‍പിച്ചിരിക്കുന്ന സ്‌കെച്ച് പ്രകാരമുള്ള കാറഡുക്ക വില്ലേജിലെ സബ്ഡിവിഷണല്‍ സര്‍വ്വേ ബാലന്‍സ് ലാന്‍ഡ് 181/1ബി1സി സര്‍വ്വേ നമ്പറില്‍പെട്ട ഒരു സെന്റ് സ്ഥലവും ബാക്കി അര സെന്റ് സ്ഥലവും തിരികെ ഏല്‍പിക്കുക, ഒരു സെന്റ് സ്ഥലത്തിന് അവകാശ രേഖ നല്‍കുക, ഈ 1.5 സെന്റ് സ്ഥലം എതിര്‍കക്ഷികളില്‍ നിന്നും വിടുവിച്ചു നല്‍കുക. ഈ ക്രൂരകൃത്യം മൂലം തങ്ങള്‍ അനുഭവിച്ച കഷ്ടതകള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, 1969 മുതല്‍ തങ്ങളുടെ കൈവശം ഇരിക്കുന്നതും സര്‍ട്ടിഫൈഡ് സ്‌കെച്ച് പ്രകാരമുള്ളതും വ്യക്തമായ അതിരടയാളമുള്ളതും ചേര്‍ന്ന് കിടക്കുന്ന നീര്‍ച്ചാല്‍ വില്ലേജ് സബ് ഡിവിഷണല്‍ പരിധിയിലെ 114 സെന്റ് സ്ഥലം പൂര്‍ണ്ണമായും ഉമസ്ഥതയിലാക്കി നല്‍കണം. എന്നാല്‍ ഇതില്‍ 18 സെന്റ് സ്ഥലം മാത്രമേ പട്ടയത്തില്‍ ചേര്‍ത്തിട്ടുള്ളൂ.
ഇങ്ങനെ സംഭവിച്ചത് റവന്യൂ അധികാരികളുടെ പിഴവാണ്. സ്‌കെച്ച് പ്രകാരമുള്ളതും കൈവശം ഇരിക്കുന്നതുമായ 1അ15 സ്ഥലത്തിന്റെ വിസ്തീര്‍ണം 37.90 സെന്റാണ്. ഈ പിഴവ് തിരുത്തുക, തങ്ങളുടെ കൈവശം ഇരിക്കുന്ന 96.23 സെന്റ് സ്ഥലം പതിച്ചുനല്‍കുക, കാറഡുക്ക വില്ലേജിലെ ബാബു എന്നയാള്‍ 30 സെന്റില്‍ നിന്നും തങ്ങള്‍ക്ക് വില്‍പന നടത്തിയ അഞ്ച് സെന്റ് സ്ഥലത്തിന്റെയും ഈ സ്ഥലത്തിലേക്കുള്ള റോഡിന്റെയും അതിരുകള്‍ നിര്‍ണ്ണയിച്ചു നല്‍കുക, സ്ഥലവും റോഡും കൈയ്യേറിയവരില്‍ നിന്നും വിടുവിച്ചുനല്‍കുക തുടങ്ങിയവയാണ് മോഹന്‍ദാസിന്റെ ആവശ്യങ്ങള്‍.
പരാതകളുമായി 500 ലധികം തവണ നിരവധി ഓഫീസുകള്‍ കയറിയിറങ്ങി. എന്നാൽ ഇതുവരെയായി ഇതിനൊരു പരിഹാരവും കണ്ടില്ലെന്നാണ് മോഹൻദാസ് പറയുന്നത്. തനിക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും മോഹന്‍ദാസ് വ്യക്തമാക്കി.