തെരഞ്ഞെടുപ്പില് വി.വി പാറ്റിന് പകരം ബാലറ്റ് പേപ്പര്‍ വേണമെന്ന ഹരജി സുപ്രീം കോടതി തള്ളി

0
270

ന്യൂദല്‍ഹി(www.mediavisionnews.in): വരുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി.

ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹരജി തള്ളിയത്.

വരുന്ന ലോക്‌സഭാ,നിയസഭാ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയത്.

അടുത്തകാലത്തായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ സംശയമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നതായി ഹരജിക്കാരന്‍ വാദിച്ചു. അതിനാല്‍ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും ഹരജിക്കാരന്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ എല്ലാ മെഷീനുകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും എല്ലാ സംവിധാനത്തിലും സംശയങ്ങള്‍ ഉയരുന്നതും സ്വാഭാവികമാണെന്നും രഞ്ജന്‍ ഗൊഗോയ് നിരീക്ഷിച്ചു.

നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എം ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശങ്കര്‍സിങ് വഗേല മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്നും അതുവരെ വി.വി പാറ്റ് സൗകര്യമൊരുക്കണമെന്നും ഇദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വികസിത രാജ്യങ്ങളായ നെതര്‍ലന്‍ഡ്‌സും ജര്‍മനിയും പേപ്പര്‍ ബാലറ്റ് വീണ്ടും ഉപയോഗിച്ചു തുടങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here