കൊച്ചി (www.mediavisionnews.in): തിയേറ്ററുകളില്‍ സിനിമകളുടെ പ്രദര്‍ശനത്തിനു മുന്‍പ് പുകയിലക്കെതിരായ സന്ദേശവുമായി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് ഉണ്ടാകില്ല. പുകയിലക്കെതിരെ നമുക്കൊരു വന്‍മതിലുയര്‍ത്താം എന്ന രാഹുല്‍ ദ്രാവിഡിന്റെ ബോധവല്‍കരണ പരസ്യം ഡിസംബര്‍ ഒന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി. ഇതിനു പകരം ഡിസംബര്‍ ഒന്നു മുതല്‍ പുതിയ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും.
‘പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍’, ‘സുനിത’ എന്നീ പരസ്യങ്ങളാവും ദ്രാവിഡിന്റെ വന്‍മതില്‍ പരസ്യത്തിന് പകരം തിയേറ്ററുകളില്‍ എത്തുക. ഏറെ പ്രസിദ്ധമായ ‘ശ്വാസകോശം സ്‌പോഞ്ചു പോലെയാണ്’ എന്ന പരസ്യത്തിന് പകരമായാണ് ദ്രാവിഡിന്റെ പരസ്യം തിയേറ്ററുകളില്‍ ഇടം പിടിച്ചത്. 2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണ് ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നത്.
‘സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ ക്യാച്ച് മിസ്സാവില്ലെന്ന് ഉറപ്പാക്കേണ്ടത് എന്റെ കടമയാണ്. അല്ലെങ്കില്‍ എന്റെ ടീമിന് മുഴുവന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കാം. പുകയിലയുടെ ഏതു തരത്തിലുള്ള ഉപയോഗവും മാരകമാണ്. ഞാന്‍ പുകയില ഉപയോഗിക്കുന്നില്ല. അതിനാല്‍ നിങ്ങളും പുക വലിക്കുകയോ, പുകയില ഉപയോഗിക്കുകയോ ചെയ്ത് ജീവിതം പാഴാക്കരുതെന്ന’ സന്ദേശമാണ് ദ്രാവിഡ് നല്‍കിയിരുന്നത്. പുകയിലക്കെതിരേയുള്ള ഇത്തരം പരസ്യങ്ങള്‍ ട്രോളന്‍മാരും ഏറ്റെടുത്തിരുന്നു.