കാസർകോട‌് (www.mediavisionnews.in): തലപ്പാടി– കാലിക്കടവ‌് നാലുവരി ദേശീയപാത വികസനത്തിന‌് കൂടുതൽ തുക ഉടൻ അനുവദിക്കുമെന്ന‌് കേന്ദ്ര മന്ത്രി നിധിൻ ഗഡ‌്ഗരി അറിയിച്ചതോടെ റോഡ‌് പ്രവൃത്തി ജനുവരിയിൽ തുടങ്ങാനാകും. ദേശീയപാത വികസന പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ വരുന്ന തലപ്പാടി– ചെങ്കള, ചെങ്കള– നീലേശ്വരം റീച്ചുകളിലെ റോഡ‌് നിർമാണമാണ‌് സംസ്ഥാനത്ത‌് ആദ്യം തുടങ്ങുക.
പാക്കേജ‌് ഒന്നിലെ ഭാഗം ഒന്ന‌്, രണ്ട‌് പ്രവൃത്തികളാണിത‌്. തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോ മീറ്റർ റോഡിന‌് 44 ഹെക്ടർ ഭൂമി ഏറ്റെടുത്തു. 1270 കോടി രൂപയാണ‌് നിർമാണ ചെലവ‌്. ചെങ്കള– നീലേശ്വരം പള്ളിക്കര മേൽപാലം വരെയുള്ള 37 കിലോമീറ്റർ റോഡിനായി 42 ഹെക്ടർ ഭൂമിയാണ‌് ഏറ്റെടുത്തത‌്. 1400 കോടി രൂപയാണ‌് നിർമാണ ചെലവ‌്.
നീലേശ്വരം മേൽപാലം മുതൽ കാലിക്കടവ‌് വരെയുള്ള 6.917 കിലോമീറ്റർ റോഡ‌് വികസനം പാക്കേജ‌് രണ്ടിലെ കണ്ണൂർ ഭാഗത്തിലാണ‌് ഉൾപ്പെടുന്നത‌്. 780 മീറ്റർ വരുന്ന നാലുവരി നീലേശ്വരം റെയിൽവേ മേൽപാലം നിർമാണം പരോഗമിക്കുകയാണ‌്. 82 കോടി രൂപയാണ‌് നിർമാണ ചെലവ‌്. മൂവായിരം കോടിയോളം രൂപയുടെ പ്രവൃത്തി മൂന്ന‌് മാസത്തിനകം ആരംഭിക്കുമെന്നാണ‌് കേന്ദ്രമന്ത്രി ഉറപ്പ‌് നൽകിയത‌്.
ദേശീയപാത വികസനത്തിന‌് ഉദ്യോഗസ്ഥതലത്തിലുള്ള തടസ്സങ്ങൾ നീക്കാൻ അടിയന്തര നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട‌്. ഇതോടെ ടെൻഡർ പൂർത്തിയാക്കി ജനുവരിയിൽ പ്രവൃത്തി തുടങ്ങാനാകും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ