കോഴിക്കോട്(www.mediavisionnews.in): ബന്ധുനിയമനത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വീണ്ടും. ബന്ധുവായ കെ.ടി അദീബിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ സ്ഥിരം നിയമനം നടത്താനാണ് മന്ത്രി കെ.ടി ജലീല്‍ ശ്രമിച്ചതെന്ന് ഫിറോസ് ആരോപിച്ചു. സ്ഥിരനിയമനം മുന്നില്‍ കണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജോലി രാജിവെച്ചാണ് അദീബ് ഇവിടെ വന്നതെന്നും ഫിറോസ് പറഞ്ഞു. ബന്ധുനിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ധനകാര്യ വകുപ്പില്‍ നിന്നും മാറ്റി സ്വന്തം ഓഫീസില്‍ മന്ത്രി പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും ഫിറോസ് കോഴിക്കോട് ആരോപിച്ചു.
മന്ത്രിയുടെ ഓഫീസിലാണ് ഫയലുകള്‍ ഉള്ളതെന്ന് ഇ-ഫയലുകള്‍ സൂചിപ്പിക്കുന്നുണ്ട്. ബാക്കിയുള്ള മറ്റ് രേഖകള്‍ നശിപ്പിക്കപ്പെട്ടേക്കാം.
മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ബാങ്ക് അദീപ് രാജിവെച്ച രേഖകള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ ആണെന്ന് മന്ത്രി പറയുമ്പോഴും എന്തുകൊണ്ട് അദീപ് രാജിവെച്ചു ചുമതലയേറ്റെടുക്കാന്‍ വന്നുവെന്നും ഫിറോസ് ചോദിച്ചു.
മന്ത്രിയുടെ ദേഹത്ത് പുരണ്ട കറ മാന്യന്മാര്‍ക്ക് മുകളില്‍ കുടഞ്ഞിടാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇതുവരെ ഈ വിഷയത്തില്‍ ഒരക്ഷരം മിണ്ടാന്‍ തയ്യാറായിട്ടില്ല. മന്ത്രിയുടെ ബന്ധുനിയമനത്തിന് എതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തമാക്കുമെന്നും ഫിറോസ് വ്യക്തമാക്കി.