കൊച്ചി (www.mediavisionnews.in):ജെറ്റ് എയര്‍വേയ്‌സ് ദോഹയില്‍ നിന്ന് കേരളത്തിലേക്കു നേരിട്ടുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ ഡിസംബര്‍ 2നും കൊച്ചിയിലേക്കുള്ള പ്രതിദിന സര്‍വീസ് 3നും അവസാനിപ്പിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സ്, സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണു കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നത്. ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തുന്നതോടെ കേരളത്തില്‍ നിന്നു ദോഹയിലേക്ക് പ്രതിദിനം മൂന്നു വിമാനങ്ങളാണ് കുറയുന്നത്.
ഖത്തറിലെ പ്രവാസി മലയാളികളെ ഇത് പ്രതികൂലമായി ബാധിക്കും. യാത്രത്തിരക്കു കൂടുമെന്നതിനാല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നു ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രാ നിരക്കില്‍ വര്‍ധനയുണ്ടാവും. നിലവില്‍ ജെറ്റിനു പുറമെ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഖത്തര്‍ എയര്‍വേയ്‌സ്, ഇന്‍ഡിഗോ എന്നിവയാണു തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നു ദോഹയിലേക്കു പ്രതിദിന സര്‍വീസ് നടത്തുന്നത്.
ഖത്തര്‍ എയര്‍വേയ്‌സ് കൊച്ചിയില്‍ നിന്നു പ്രതിദിനം രണ്ടു സര്‍വീസുകള്‍ നടത്തുന്നുണ്ട്. നേരിട്ടുള്ള വിമാനങ്ങള്‍ക്കു ടിക്കറ്റില്ലെങ്കില്‍ മുംബൈ, ഡല്‍ഹി കണക്റ്റിങ് വിമാനങ്ങള്‍ വഴി യാത്ര ചെയ്താല്‍ യാത്രാ സമയം കൂടുന്നതിനൊപ്പം ഉയര്‍ന്ന ടിക്കറ്റ് നിരക്കും നല്‍കേണ്ടി വരും.
ഡിസം. 3നു ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് 515 റിയാലാണ് നിരക്ക്. എന്നാല്‍, ഡിസംബര്‍ നാലിന് മുംബൈ വഴിയുള്ള വിമാനത്തിലെ നിരക്ക് 995 റിയാലാണ്. അഞ്ചര മണിക്കൂറോളം മുംബൈയില്‍ കണക്റ്റിങ് വിമാനത്തിനായി കാത്തിരിക്കേണ്ടിയും വരും.