കേരളത്തിനുള്ള പ്രളയദുരിതാശ്വാസം വര്‍ദ്ധിപ്പിച്ച് കേന്ദ്രം; 2500 കോടി രൂപ കൂടി അനുവദിച്ചു

0
216

ന്യൂഡല്‍ഹി(www.mediavisionnews.in): പ്രളയക്കെടുതി മറികടക്കാന്‍ കേരളത്തിന് 2500 കോടി രൂപകൂടി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക ലഭിക്കുക. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ കേരളത്തിനു പണം ലഭിക്കും. ആകെ അനുവദിക്കുക 3100 കോടി രൂപയാണ്. ഇതില്‍ 600 കോടി ഇതിനകം നല്‍കി. പ്രളയ ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയാണ്.

പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചിരുന്നു.

അതേസമയം, പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്ററുകള്‍ക്ക് കേരളസര്‍ക്കാരിനോട് വ്യോമസേന പണം ആവശ്യപ്പെട്ടു. 25 കോടി രൂപയുടെ ബില്ലാണ് വ്യോമസേന, സംസ്ഥാന സര്‍ക്കാറിന് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക പോലും നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര സര്‍ക്കാരാണ് ഇപ്പോള്‍ 25 കോടി രൂപ രക്ഷാപ്രവര്‍ത്തനത്തിന്റെ കൂലിയായി ചോദിച്ചിരിക്കുന്നത്. ഇത്കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.

കേന്ദ്രം കേരളത്തോട് കാട്ടിയ അവഗണനയെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രളയ കാലത്ത് അനുവദിച്ച റേഷന് പോലും കേന്ദ്രം പണം വാങ്ങുന്ന സ്ഥിതിയാണ് ഉണ്ടായത്. യു എ ഇ പോലുള്ള രാജ്യങ്ങള്‍ സഹായങ്ങളുമായി മുന്നോട്ട് വന്നപ്പോള്‍ അത് സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. ഇതുവഴി നമുക്ക് ലഭിക്കേണ്ട വലിയൊരു തുക നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഇതുവരെ കിട്ടിയ തുക പോരെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 2683.18 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക. 688.48 കോടി രൂപ ഇതുവരെ ചെലവായെന്നും മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. ദുരന്ത നിവാരണ നിധിയിലെ മുഴുവന്‍ തുക ഉപയോഗിച്ചാലും ബാധ്യത തീരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here