കൊച്ചി(www.mediavisionnews.in): അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈകോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചക്കാണ് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പി.ഡി രാജന്റെ ബെഞ്ച് താല്‍കാലിക സ്റ്റേ ചെയ്തത്.
ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കിയ കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി. തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ്‌കുമാറിന്റെ ഹര്‍ജിയിലാണ് അയോഗ്യ നേരിട്ടത്. 6 വര്‍ഷത്തേക്കു മത്സരിക്കുന്നതില്‍നിന്നും വിലക്കിയിരുന്നു. സ്റ്റേ അനുവദിച്ചതിനാല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനം മടക്കിക്കിട്ടും. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം. ഇതോടെ കേസ് സുപ്രീംകോടതിയിലേക്ക് എത്തുമെന്ന് ഉറപ്പായിട്ടുണ്ട്
എന്നാല്‍, കെ. എം ഷാജിക്ക് പകരം രണ്ടാം സ്ഥാനത്ത് എത്തിയ തന്നെ വിജയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിട്ടാണ് കെ. എം ഷാജി ജയിച്ചത്.
2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി നികേഷ് കുമാറിനെ 2287 വോട്ടിനാണ് കെ.എം ഷാജി പരാജയപ്പെടുത്തിയത്. കെ.എം ഷാജിക്ക് 63082 വോട്ടും നികേഷിന് 60795 വോട്ടും ലഭിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ജെ.പി നേതാവുമായ അഡ്വ. എ.വി കേശവന്‍ മൂന്നാം സ്ഥാനത്തെത്തി.