‘എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?’ ; 15 മിനിറ്റ് പരസ്യ സംവാദനത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

0
236

അംബികാപൂര്‍(www.mediavisionnews.in): റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്ന അവസ്ഥയിലല്ല പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

‘ ഞാനുമായി റാഫേല്‍ കരാറില്‍ 15 മിനിറ്റ് സംവാദം നടത്താന്‍ മോദിയെ ഞാന്‍ വെല്ലുവിളിക്കുന്നു. മോദിജി പറയുന്ന സമയത്ത് പറയുന്ന ഇടത്ത് സംവാദത്തിന് തയ്യാറാണ്. അനില്‍ അംബാനിയുടെ എച്ച്.എ.എല്ലിനെയും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനകളേയും ജെറ്റുകളുടെ വിലവിവരങ്ങളേയും കുറിച്ച് ഞാന്‍ സംസാരിക്കും. പ്രധാനമന്ത്രിയാണ് ഇതെല്ലാം ചെയ്തതെന്ന് പ്രതിരോധ മന്ത്രി വ്യക്തമായി പറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. പുലര്‍ച്ചെ രണ്ടുമണിക്കാണ് സി.ബി.ഐ ഡയറക്ടറെ മാറ്റിയത്. പ്രധാനമന്ത്രിക്ക് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ല.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയുടെ സുഹൃത്തുക്കളായ ചില ബിസിനസുകാര്‍ക്കു മാത്രമാണ് നോട്ടുനിരോധനം കൊണ്ടു ഗുണമുണ്ടായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഛത്തീസ്ഗഢിലെ തൊഴിലില്ലായ്മയേയും രാഹുല്‍ വിമര്‍ശിച്ചു. പതിനഞ്ചുവര്‍ഷക്കാലം ഛത്തീസ്ഗഢ് ഭരിച്ചിട്ടും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ മുഖ്യമന്ത്രി രമണ്‍സിങ് പരാജയപ്പെട്ടിരിക്കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്.

‘ പതിനഞ്ചുവര്‍ഷമായി രമണ്‍ സിങ് അധികാരത്തിലുണ്ട്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നാലരവര്‍ഷം പൂര്‍ത്തിയാക്കി. എന്നാല്‍ യുവാക്കള്‍ക്ക് തൊഴിലവസരമുണ്ടാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ ഇരു സര്‍ക്കാറുകളും പരാജയപ്പെട്ടിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലിയിലെ ഒഴിവുകള്‍ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തി പത്തുദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് കര്‍ഷകരുടെ കടം എഴുതി തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here