എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല; തട്ടിക്കൊണ്ട് പോയതായി സംശയം

0
196

തെലങ്കാന (www.mediavisionnews.in): തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല. സിപിഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണി സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വാലയെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി ഹിജ്ര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

വീട്ടില്‍ നിന്നാണ് ചന്ദ്രമുഖിയെ കാണാതായിരിക്കുന്നത്. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്. ഇതേതുടര്‍ന്ന് സുഹൃത്തുക്കള്‍ ബഞ്ചാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച പ്രചാരണം നയിച്ചതിനു ശേഷം ഏറെ വൈകി ഇവര്‍ വീട്ടിലെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.

ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നാണ് ആക്ടിവിസ്റ്റ് കൂടിയായ ചന്ദ്രമുഖി മുവ്വാല ജനവിധി തേടുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശത്തിനായി പോരാടുകയാണ് തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്താനാണു ശ്രമിക്കുന്നതെന്നും ചന്ദ്രമുഖി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദനായകനായ ബിജെപി എംഎല്‍എ രാജാ സിങ്ങിനെയാണ് ചന്ദ്രമുഖി നേരിടുന്നത്. ബിജെപിക്കെതിരെ ചന്ദ്രമുഖിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ തുടര്‍ന്ന് കടുത്ത മത്സരമാണ് തെലങ്കാനയില്‍ പ്രതീക്ഷിച്ചിരുന്നത്. രാജയ്ക്ക് പുറമെ കോണ്‍ഗ്രസ്, ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here