മംഗളൂരു(www.mediavisionnews.in):: കാസര്‍ഗോട്ടെ കവര്‍ച്ചാ സംഘങ്ങളും മയക്കു മരുന്നു കടത്തുകാരും ഗുണ്ടാ സംഘങ്ങളും മംഗളൂരു പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. കാസര്‍ഗോട് സ്വദേശികളായ മൂന്ന് അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളെ കഴിഞ്ഞ ദിവസം പിടികൂടിയപ്പോള്‍ മംഗളൂരുവിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടത്തിയ വന്‍ കവര്‍ച്ചയാണ് വെളിപ്പെട്ടത്.
കാസര്‍ഗോഡ് ഉപ്പള സ്വദേശികളാണ് കര്‍ണ്ണാടകത്തിലെ നിരവധി കവര്‍ച്ചകള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഷാഹിര്‍(23), മുഹമ്മദ് ആദില്‍(26), അബ്ദുള്‍ മുനവര്‍ (21), എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് പിടികൂടിയത്. മംഗളൂരുവിന് സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്. ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ നാല് കവര്‍ച്ചാ കേസുകള്‍, മംഗലൂരു സൗത്തില്‍ ആറ് കേസുകള്‍, മംഗലൂരു നോര്‍ത്തില്‍ അഞ്ച് കേസുകള്‍, ഉര്‍വ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ എന്നിങ്ങനെ തുടരുന്നു. ഉപ്പള, കുമ്ബള പ്രദേശങ്ങളിലെ നിരവധി യുവാക്കള്‍ മംഗലൂരു പൊലീസിന്റെ ക്രൈം പട്ടികയിലുണ്ട്.
മംഗളൂരുവിലെ ആന്റി റൗഡി സ്‌ക്വാഡും സിറ്റി ക്രൈംബ്രാഞ്ചും വലയിലാക്കുന്നവരില്‍ മഹാഭൂരിപക്ഷവും മലയാളികളായ കാസര്‍ഗോട്ട്കാരാണ്. മംഗലൂരു നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ബൈക്കുകള്‍ കവര്‍ച്ച ചെയ്ത് കടത്തിക്കൊണ്ട് പോവുകയാണ് ഇത്തരം സംഘത്തിന്റെ പതിവു രീതി. രഹസ്യ കേന്ദ്രത്തില്‍ കൊണ്ടു പോയി നമ്ബര്‍ പ്ലേറ്റ് മാറ്റിയാണ് വില്‍പ്പന നടത്തുക. ഇത്തരത്തിലുള്ള 15 ബൈക്കുകള്‍ കഴിഞ്ഞ ദിവസം കവര്‍ച്ചാ സംഘത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും നൂറ് കണക്കിന് വാഹനങ്ങള്‍ അപ്രത്യക്ഷമായതോടെ മംഗലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ പി.ആര്‍. സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ വലയിലാക്കിക്കൊണ്ടിരിക്കയാണ്. പ്രതികളില്‍ 90 ശതമാനവും കാസര്‍ഗോട്ടുകാരാെണന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കവര്‍ച്ചക്കാരെ പിടികൂടാന്‍ പൊലീസ് സംവിധാനം ശക്തമാക്കുന്നുണ്ട്. നഗരപരിധിയിലും അതിര്‍ത്തികളിലും നൂറുക്കണക്കിന് സി.സി.ടി.വി. ക്യാമറകള്‍ സജ്ജമാക്കിയിരിക്കയാണ്. കേരള-കര്‍ണ്ണാട അതിര്‍ത്തിയിലെ തലപ്പാടി ടോള്‍ പ്ലാസയിലും സൂറത്ത്ക്കല്‍ ടോള്‍ പ്ലാസയിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. വാഹനങ്ങള്‍ തട്ടിയെടുത്ത് പോകുന്നവരുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷിക്കാന്‍ സൈബര്‍ സെല്‍ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. മംഗളൂരു നേരിടുന്ന മറ്റൊരു സുപ്രധാന പ്രശ്നം ലഹരി മാഫിയയുടേയും ഗുണ്ടാ സംഘങ്ങളുടേയും ഭീഷണിയാണ്. ഇതിലും പ്രധാന പ്രതികളെല്ലാം മലയാല്‍കളാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
കൊച്ചി-മംഗലൂരു-ഗോവ ഇടനാഴിയായാണ് ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നിന്നും മംഗലൂരു ഉഡുപ്പി മേഖലകളിലെ മെഡിക്കല്‍ കോളേജൂുകളിലും എഞ്ചിനീയറിങ് കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്ക് ഇതിന്റെ ഉപഭോക്താക്കളോ വാഹകരോ ആണെന്നതാണ് വസ്തുത. ഇതിലും കാസര്‍ഗോഡുകാര്‍ക്ക് തന്നെയാണ് മേധാവിത്വം. മംഗലൂരു കേന്ദ്രീകരിച്ച് ബൈക്കുകളില്‍ സഞ്ചരിച്ചാണ് കാസര്‍ഗോഡുകാരുടെ ഇരയെ കണ്ടെത്തല്‍. മംഗലൂരു പൊലീസ് സജീവമായതോടെ ഇവരുടെ പ്രവര്‍ത്തനം കാസര്‍ഗോഡും ശക്തമായിട്ടുണ്ട്. കലാലയങ്ങളാണ് ഇവരുടെ പ്രധാന താവളം.
മംഗലൂരുവിലെ ഷെട്ടിമാര്‍ക്ക് ഗുണ്ടാ പണിക്കും മലയാളികള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കാസര്‍ഗോഡ് ഉപ്പള സ്വദേശികളാണ് ഇതിന് മുന്നില്‍. കാലിയാ റഫീഖ് എന്ന കുപ്രസിദ്ധ അധോലോക നായകന്‍ കൊല്ലപ്പെട്ടതോടെ അയാളുടെ കൂട്ടാളികള്‍ സജീവമായി വരികയാണ്. റഫീഖിന്റെ പ്രധാന അനുയായി ഷംസുദ്ദീനെ കഴിഞ്ഞ ദിവസം വിട്ല പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, കഞ്ചാവ് കടത്തല്‍, വാഹന മോഷണം, തുടങ്ങി കേരളത്തിലും കര്‍ണ്ണാടകത്തിലും മുബൈയിലും നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
മംഗലുരുവില്‍ മലയാളികളുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കന്നഡക്കാരില്‍ കടത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിരവധി മലയാളികള്‍ ജോലി ചെയ്തും സ്ഥാപന ഉടമകളായും പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ മലയാളി വിരോധം കത്തിപ്പടരാനുള്ള സാഹചര്യമാണ് കാസര്‍ഗോട്ടെ കുറ്റവാളികള്‍ ഉണ്ടാക്കുന്നത്.