ഉപ്പള(www.mediavisionnews.in): ഉപ്പളയിലെ പ്രശസ്തമായ ഒരു സ്വകാര്യ സ്കൂളിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾ മറ്റു രണ്ടുപേരെയും പുറകിലിരുത്തി ചീറിപ്പായുന്നത് കണ്ടിട്ടും നിയമ പാലകർ ഗൗനിക്കുന്നില്ല.
വിദേശത്തുള്ള രക്ഷിതാക്കൾ വാങ്ങിക്കൊടുക്കുന്ന വിലകൂടിയ ബൈക്കുമായി ഹൈവേയിലൂടെ ചീറിപ്പായുമ്പോൾ മറ്റു വാഹനക്കാർ സൈഡിലേക്ക് മാറികൊടുക്കുകയാണ് പതിവ്. പണത്തിന്റെ മൂല്യമറിയാത്ത കുട്ടികൾക്ക് ജീവന്റെ വില പോലുമറിയില്ല. സ്കൂളിൽ സ്പോട്സോ, കലോത്സവമോ നടക്കുന്ന ദിവസം മറ്റു യാത്രക്കാർക്കും, കാൽനട യാത്രക്കാർക്കുമൊക്കെ റോഡിലൂടെ യാത്ര ചെയ്യാൻ പേടിയാണ്. നയാബസാറിലും, കൈകമ്പയിലുമൊക്കെ പല ദിവസങ്ങളിലും കുട്ടികളുടെ ബൈക്ക് യാത്രയിൽ പ്രശ്നങ്ങളുണ്ടാവുന്നു.
സ്കൂൾ വിട്ടാൽ തട്ടുകടകളിൽ ഇവരുടെ തിരക്കാണ്. വടാപാവാണ് ഇവരുടെ ഇഷ്ടവിഭവം. എത്രമണിക്കാണ് വീട്ടിലെത്തുന്നതെന്നു വീട്ടുകാർക്ക് തന്നെ അറിയാത്ത മട്ടാണ്. രക്ഷിതാക്കളും,അധ്യാപകരും കൂടുതൽ ശ്രദ്ധിച്ചാൽ മാത്രമേ ഇവർക്ക് ബോധോധയമുണ്ടാക്കാൻ പറ്റൂ എന്നാണ് പൊതുവെയുള്ള അഭിപ്രായം.