ശബരിമല: ബിജെപിയെ പൂട്ടാന്‍ പുതിയ തന്ത്രവുമായി എല്‍ഡിഎഫ്; പ്രതിഷേധത്തെ നിര്‍വീര്യമാക്കാന്‍ മരുന്ന് കേന്ദ്രത്തില്‍ നിന്നുതന്നെ

0
250

പത്തനംതിട്ട(www.mediavisionnews.in): ശബരിമല വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന പശ്ചാതലത്തില്‍ കേന്ദ്രസേനയെ എത്തിക്കാനുള്ള നീക്കം എല്‍ഡിഎഫ് ആലോചിക്കുന്നു. സുപ്രീം കോടതി വിധി നിലനില്‍ക്കെ കേന്ദ്രസേനയുടെ സഹായം തേടാനാണ് ഇടതുമുന്നണി നീക്കം നടത്തുന്നത്. കുളംകലക്കി മീന്‍പിടിക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമങ്ങള്‍ കേന്ദ്രസേന എത്തിക്കഴിഞ്ഞാല്‍ പൊളിയുമെന്നാണ് കണക്കുകൂട്ടലുകള്‍.

ഇതുസംബന്ധിച്ച് സര്‍ക്കാര്‍തലതല്ലില്‍ തീരുമാനമായിട്ടില്ലെങ്കിലും അതിന് ശ്രമിച്ചാലുള്ള രാഷ്ട്രീയസാധ്യത സംബന്ധിച്ചു സിപിഎമ്മും സിപിഐയും ആശയവിനിമയം നടത്തി. ബിജെപിയെ വെട്ടിലാക്കാന്‍ നീക്കത്തിലൂടെ കഴിയുമെന്നാണു ചിന്തയെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രസര്‍ക്കാരിന്റെ സേനയെ ശബരിമലയില്‍ വിന്യസിച്ചാല്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള പ്രതിഷേധം നിര്‍വീര്യമാക്കും. ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ തീരുമാനമറിഞ്ഞിട്ടു കൂടുതല്‍ ചര്‍ച്ചയാകാമെന്നാണു ധാരണ. യുവതീപ്രവേശവിധി നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടിലാണു ബിജെപിയും സംഘപരിവാര്‍ സംഘടനകളും. അങ്ങനെയുണ്ടായാല്‍ കേരളമാകെ സ്തംഭിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനെ നേരിടാനുള്ളതു പൊലീസ് മാത്രം. സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന സാഹചര്യമായാല്‍ എന്തുകൊണ്ടു കേന്ദ്രസേനയെ വിളിക്കാന്‍ മടിക്കണമെന്ന ചോദ്യമാണ് ഉയരുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് ഇതിന് അടിസ്ഥാനമാക്കണമെന്ന് ഈ വാദത്തെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ വേണ്ട മുന്‍കരുതലും ക്രമസമാധാനപാലന, സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കണമെന്നായിരുന്നു യുവതീപ്രവേശവിധി വന്നതിനെത്തുടര്‍ന്നുള്ള കത്തിലെ നിര്‍ദേശം. തുലാമാസപൂജയ്ക്കു നട തുറന്നപ്പോഴത്തെ സംഘര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ ഇതു പുറത്തുവിട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ഇതു വീണ്ടും ഓര്‍മിച്ചത് യാദൃച്ഛികമായല്ല.

ദേശവിരുദ്ധ നീക്കങ്ങള്‍, അതിര്‍ത്തിപ്രശ്‌നങ്ങള്‍, തിരഞ്ഞെടുപ്പു സംഘര്‍ഷങ്ങള്‍ തുടങ്ങി അതീവ ഗുരുതര സാഹചര്യങ്ങളിലാണു സാധാരണ കേന്ദ്രസേനയുടെ വരവ്. സംസ്ഥാന പൊലീസിനു പകരമായി കരുതി കേന്ദ്രസേനയുടെ സേവനം തേടരുതെന്ന് ആഭ്യന്തരമന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ളതും കണക്കിലെടുക്കേണ്ടിവരും. പൊലീസ് പരാജയപ്പെട്ടെന്ന വ്യാഖ്യാനവും ഉയരാം. പ്രളയവേളയില്‍ പോലും കേന്ദ്രസേനയുടെ സേവനം സര്‍ക്കാര്‍ ആദ്യം തേടിയില്ലെന്നു കോണ്‍ഗ്രസും ബിജെപിയും കുറ്റപ്പെടുത്തിയിരുന്നു. ഇതെല്ലാം പരിശോധിച്ചും രാഷ്ട്രീയ സാധ്യതകള്‍ കണക്കിലെടുത്തുമേ അന്തിമതീരുമാനമെടുക്കൂ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here