കാസര്‍കോട് (www.mediavisionnews.in): ഏറെ കോളിളക്കം സൃഷ്ടിച്ച വ്യാജ മണല്‍ പാസ് കേസില്‍ യൂത്ത് ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും ഇ-വിഷന്‍ ചെയര്‍മാനുമായ റഫീഖ് കേളോട്ടിനെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് ജൂഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. രണ്ടാംപ്രതി ഷെരീഫിനെയും കുറ്റവിമുക്തനാക്കി. 2015 ജനുവരി ഒന്നിനാണ് കേസിനാസ്പതമായ സംഭവം. വ്യാജ രേഖയും സീലും ഉണ്ടാക്കി മണല്‍ പാസ് നിര്‍മിച്ചുവെന്നായിരുന്നു കേസ്.
പോലിസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് റഫീഖ് കേളോട്ടിന്റെ ഉടമസ്ഥതയിലുള്ള ഇവിഷന്‍ ഓഫിസും മുഹമ്മദ് ഷരീഫിന്റെ ഉടമസ്ഥതയിലുള്ള ബൈറ്റ് എഡുക്കേഷന്‍ സ്ഥാപനവും റെയിഡ് നടത്തിയിരുന്നു. പരിശോധനയില്‍ ഇ-വിഷന്‍ ഓഫിസില്‍ നിന്നും ഒന്നും കണ്ടത്തിയില്ല. ബ്രൈറ്റ് എഡുക്കേഷനില്‍ നിന്നും സര്‍ട്ടിഫിക്കറ്റും മണല്‍ പാസും കണ്ടെത്തിയിരുന്നു.
പിടിച്ചെടുത്ത രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ പൊലിസിനും പ്രോസിക്യൂഷനും സാധിച്ചില്ല. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഈ കേസില്‍ ആബിദ് ആറങ്ങാടി അറസ്റ്റിലായിരുന്നു. ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പോലിസ് മേധാവികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ തന്നെ ബലിയാടുകയായിരുന്നെന്നും റഫീഖ് കേളോട്ട് നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
ആരോപണത്തെ ശരിവെക്കുന്നതാണ് ഇന്നത്തെ കോടതി വിധി. യാതൊരുവിധ തെളിവോ രേഖയോ പോലിസിന് കോടതിയില്‍ ഹാജറാക്കാനായില്ല. എത്ര വൈകിയാലും സത്യം ഒരുനാള്‍ വിജയിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്നും ദൈവത്തിനും കൂടെ നിന്നവര്‍ക്കും നന്ദി അറിയിക്കുന്നതായും റഫീഖ് കേളോട്ട് പറഞ്ഞു.