വ്യവസായികളുടെ കടം എഴുതിത്തള്ളിയ മോദി കര്‍ഷകരുടെ കാര്യത്തിലും അത് പാലിക്കണമെന്ന് രാഹുല്‍ ഗാന്ധി

0
287

ന്യൂദല്‍ഹി(www.mediavisionnews.in): അനര്‍ഹമായി രാജ്യത്തെ വ്യവസായികള്‍ക്ക് ചെയ്തുകൊടുത്ത സഹായം കര്‍ഷകര്‍ക്കും നല്‍കണമെന്ന് ഡല്‍ഹിയിലെ കര്‍ഷക റാലിയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.കര്‍ഷകര്‍എന്തെങ്കിലും സമ്മാനത്തിന് വേണ്ടിയല്ല വന്നിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമര വേദിയിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു.

രാജ്യം നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളാണ് കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 15 വ്യവസായികളുടെ കടം എഴുതിത്തള്ളാന്‍ മോദി കാണിച്ച ഔദാര്യം കര്‍ഷകരുടെ കാര്യത്തിലും വേണം.കര്‍ഷകര്‍ അവകാശമാണ് ചോദിക്കുന്നത്-രാഹുല്‍ പറഞ്ഞു.

കര്‍ഷകരുടെ അക്കൗണ്ടില്‍ നിന്ന് ആയികരക്കണക്കിന് കോടി അടിച്ച് മാറ്റി വിള നശിക്കുമ്പോള്‍ വേണ്ടത്രസഹായം കൊടുക്കാതെ ബിജെപി തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. വിള ഇന്‍ഷൂറന്‍സിന്റെ പേരില്‍ നടത്തുന്ന ഇത് ബീമ യോജനയല്ലെന്നും മോദി സര്‍ക്കാര്‍ നടത്തുന്ന പകല്‍കൊള്ളയാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പ്രതിപക്ഷ കക്ഷികളുടെ പിന്തുണപ്രഖ്യാപിച്ച നടത്തിയ യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്. പ്രതിപക്ഷ കക്ഷികളുടെ പിന്തുണകര്‍ഷകരുടെ സമരത്തിന് പ്രഖ്യാപിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

3.5 ലക്ഷം കോടി രൂപ സമ്പന്ന ജനവിഭാഗങ്ങള്‍ക്ക് നല്‍കാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. പക്ഷേ കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയിട്ടില്ല. സൗജന്യ സമ്മാനത്തിന് വേണ്ടിയല്ല അവര്‍ സമരം നടത്തുന്നത്. തങ്ങളുടെ അവകാശം നേടുന്നതിനാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എന്‍സിപി തലവന്‍ ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഫാറൂഖ് അബ്ദുള്ള തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

അതേസമയം ജീവിക്കാന്‍ വേണ്ടി സമരമുഖത്തുള്ള കര്‍ഷകര്‍ക്കര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, കലാകാരന്‍മാര്‍ എന്നിങ്ങനെ സമൂഹത്തിലെ നാനാ തുറയിലുളളവര്‍ ഒപ്പമുണ്ട്. പഞ്ചാബില്‍ നിന്നുള്ള അങ്കണവാടി ജീവനക്കാരും സമരക്കാരോടൊപ്പം അണിചേര്‍ന്നിട്ടുണ്ട്.

ഡല്‍ഹി സര്‍ക്കാര്‍ വഴി ആശുപത്രകളില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ കര്‍ഷകരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നോക്കാന്‍ രാംലീലയിലേക്ക് അയച്ചിട്ടുണ്ട്.മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളെ തുടര്‍ന്ന് തകര്‍ച്ചയിലായ കാര്‍ഷികമേഖലയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പടുകൂറ്റന്‍ റാലി നടത്തുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചുലച്ച കര്‍ഷക റാലിക്ക് സമാനമായി പ്രതിഷേധ മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തിലാണ് വമ്പന്‍ റാലി സംഘടിപ്പിച്ചത്. 208 സംഘടനകളുടെ കൂട്ടായ്മയാണിത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക, മാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. ഇതിനു മുന്നോടിയായി ആറായിരത്തിലേറെ സമര വൊളണ്ടിയര്‍മാര്‍ പദയാത്രയായി വ്യാഴാഴ്ച രാംലീല മൈതാനത്തെത്തിയിരുന്നു. ഡല്‍ഹിയിലെ നിസാമുദീന്‍, ബിജ്വാസന്‍, സബ്ജി മണ്ഡി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പദയാത്രകള്‍ എത്തിയത്.

സി.പി.എം. കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷക റാലി നയിക്കുന്ന പ്രധാന സംഘടനകള്‍. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാവലയത്തിലാണ് തലസ്ഥാന നഗരി.

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, കേരളം എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കര്‍ഷകര്‍ എത്തിയിരിക്കുന്നത്.കാര്‍ഷിക മേഖലയെ മുമ്പില്ലാത്ത വിധം അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ കൈയിലേന്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ തലസ്ഥാനത്തെത്തിയത്. ഇന്ന് പാര്‍ലമെന്റിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നഗ്നരായി പ്രതിഷേധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here