കുമ്പള(www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ ഹൊസങ്കടി വിൽപ്പന നികുതി ചെക്ക് പോസ്റ്റിന്റെ നാലേക്കർ ഭൂമി റവന്യൂ വകുപ്പിന് കൈമാറുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. എൽ.ഡി.എഫ്. മഞ്ചേശ്വരം മണ്ഡലം വികസനസെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം താലൂക്ക് ആസ്പത്രി ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കും. ഇതിന് 40 കോടിയോളം രൂപ വേണ്ടിവരും. കൂടുതൽ ഡോക്ടർമാരെ നിയമിക്കും. പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആയിരം വിദ്യർഥികളുള്ള അംഗടിമുഗർ, പൈവളികെ ഹയർ സെക്കൻഡറികൾക്ക് കെട്ടിടനിർമാണത്തിന് മൂന്ന് കോടിരൂപ വീതം അനുവദിക്കും. 500 കുട്ടികളുള്ള കടമ്പാർ, വാണിനഗർ സ്കൂളുകൾക്ക് ഒരുകോടി രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു. ബി.വി.രാജൻ അധ്യക്ഷതവഹിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രൻ, സി.എച്ച്.കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആർ.ജയാനന്ദ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ. വി.പി.പി.മുസ്തഫ എന്നിവർ സംസാരിച്ചു.