ദില്ലി (www.mediavisionnews.in) :നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം എത്തിയപ്പോൾ, ബാങ്കുകളിൽ തിരിച്ചെത്തിയ നോട്ടുകൾ നശിപ്പിച്ചതിന് ചെലവായ തുക എത്രയെന്ന് വെളിപ്പെടുത്താനാകില്ലെന്ന് റിസർവ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിന്മേലുള്ള മറുപടിയിലാണ് ആർ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്. 15.32 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് ബാങ്കുകളിൽ തിരിച്ചെത്തിയത്. ഇത് പൂർണ്ണമായും 2018 മാർച്ച് 31നു മുൻപായി നശിപ്പിച്ചതായി മറുപടിയിൽ പറയുന്നു.
മധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗൗഡ് നൽകിയ അപേക്ഷയിൽ ഇതിനു ചെലവായ തുക സംബന്ധിച്ച വിവരങ്ങൾ നല്കാൻ കഴിയില്ലെന്ന മറുപടിയാണ് നൽകിയിരിക്കുന്നത്.
10,720 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് തിരിച്ചെത്താതിരുന്നത്. 2016 നവംബർ എട്ടിന് രാത്രിയിൽ 500 , 1000 രൂപ നോട്ടുകൾ നിരോധിക്കുമ്പോൾ 15 .43 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് സർകുലേഷനിൽ ഉണ്ടായിരുന്നത്.
എന്നാൽ തിരിച്ചെത്തിയ നോട്ടുകളിൽ 500 , 1000 രൂപ നോട്ടുകൾ എത്ര വീതം ഉണ്ടായിരുന്നു എന്ന ചോദ്യത്തിനും ഉത്തരം നൽകിയിട്ടില്ലെന്ന് ഗൗഡ് പറഞ്ഞു. 99.3 ശതമാനം നോട്ടുകൾ തിരിച്ചു വന്നതായി റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആർ ബി ഐയുടെ കറൻസി മാനേജ്‌മെന്റ് ഡിപ്പാർട്മെന്റാണ് ഈ മറുപടി നൽകിയിരിക്കുന്നത്.