(www.mediavisionnews.in): ദിവസവും നിങ്ങൾ എത്ര കാപ്പി കുടിക്കാറുണ്ട്. രാവിലെ ഒരു കാപ്പി, വെെകിട്ട് ഒരു കാപ്പി. ചിലപ്പോൾ ക്ഷീണം തോന്നുമ്പോൾ ഒരു കപ്പ് കാപ്പി കൂടി കുടിക്കുമായിരിക്കും. ദിവസവും മൂന്നോ നാലോ കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് റിപ്പോർട്ട്. പുരുഷന്മാരിലും സ്ത്രീകളിലും ടൈപ് – 2 പ്രമേഹത്തിന്റെ സാധ്യത 25 ശതമാനം കുറയ്ക്കാന്‍ കൂടുതല്‍ കാപ്പികുടിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
കാപ്പിക്കുരുവില്‍ കഫേനുകള്‍ക്ക് പുറമേ അടങ്ങിയിരിക്കുന്ന വിവിധ ആസിഡുകളും മറ്റു ഘടകങ്ങളുമാണ് ഇതിന് കാരണമെന്ന് സ്വീഡനിലെ കരോലിന്‍സ്‌ക്കാ ഇന്‍സ്റ്റിറ്റിയൂട്ടിലെ അസോസിയേറ്റ് പ്രൊഫസറായ മത്യാസ് കാള്‍സ് സ്‌ട്രോം പറയുന്നു. ജര്‍മ്മനിയില്‍ നടന്ന 2018 ലെ യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റീസ് വാര്‍ഷികത്തില്‍ ഇതിന്റെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
1,185,210 പേരിൽ നടത്തിയ 30 വിവിധ പഠനത്തിലൂടെയാണ് ഇത്തരത്തിലൊരു കണ്ടെത്തലിൽ എത്തിയത്. പ്രമേഹവുമായി ബന്ധപ്പെട്ട കരളില്‍ കൊഴുപ്പടിയുന്ന സാഹചര്യങ്ങളെ കുറയ്ക്കാനും കാപ്പി നല്ലതാണെന്നും മത്യാസ് കാള്‍സ് പറയുന്നു. ശരീരത്തിന് ഉത്തേജനം പകരുക, ശ്രദ്ധ കൂട്ടുക, വിഷാദം അകറ്റുക, കൊഴുപ്പിനെ കത്തിച്ചു കളയുക, അള്‍ഷിമേഴ്‌സിനെയും പാര്‍ക്കിന്‍സണിനെയും തടയുക എന്നിവയ്ക്കെല്ലാം കാപ്പി കുടിക്കുന്നത് വളരെ ഗുണകരമാണെന്ന് മുമ്പ് നടത്തിയ പഠനങ്ങളിൽ പറയുന്നു.
കാപ്പിയില്‍ ധാരാളമായി ആന്റിഓക്സിഡെന്റുകൾ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. കാപ്പി കുടിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നു. ഇത് തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളായ അല്‍ഷിമേഴ്സ്, വിഷാദം എന്നിവ അകറ്റാൻ സഹായിക്കുന്നു.