ട്വിസ്റ്റുകള്‍ കൊണ്ട് മലയാളി പ്രേഷകരെ അമ്പരപ്പിച്ച ആ പത്ത് സിനിമകള്‍ ഇവയാണ്

0
430

കൊച്ചി (www.mediavisionnews.in):വ്യത്യസ്ത സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും സ്വീകരിക്കാറുളളവരാണ് മലയാളികള്‍. സിനിമകളിലെ സസ്‌പെന്‍സും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന ഘടകങ്ങളാണ്. ഒരു സാധാരണ ചിത്രമെന്നതിലുപരി അതില്‍ എന്തെങ്കിലും ആകാംക്ഷ ജനിപ്പിക്കുന്ന ഘടകമുണ്ടെങ്കില്‍ സിനിമകള്‍ വിജയമാകാറുണ്ട്. ചില സിനിമകളുണ്ട് തുടക്കത്തിലൊക്ക പ്രേക്ഷകരെ ഭീകരമായി തെറ്റിദ്ധരിപ്പിച്ച് ഒടുക്കം പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സില്‍ കൊണ്ടുനിര്‍ത്തി അവസാനിപ്പിക്കും.

ചിത്രത്തിന്റെ റിലീസ് വിവരങ്ങള്‍ ഇത്തരം അപ്രതീക്ഷിത ട്വിസ്റ്റുകളും ക്ലൈമാക്‌സുമാണ് മിക്ക സിനിമകളുടെയും വിജയത്തിന് കാരണമാകാറുളളത്. ചില ട്വിസ്റ്റുകള്‍ ആളുകള്‍ക്ക് ഞെട്ടലുണ്ടാക്കുന്നതിനോടൊപ്പം സിനിമയുടെ ആകെ ഗതി തന്നെ മാറ്റുന്നവയാണ്. അതിപ്പോള്‍ കുറ്റാന്വേഷണ സിനിമയോ ത്രില്ലര്‍ ചിത്രമോ ആണെങ്കിലും ട്വിസ്റ്റ് ഉണ്ടേല്‍ പ്രേക്ഷകര്‍ തിയ്യേറ്ററുകളിലേക്ക് ഇരച്ചു കയറും. ഇത്തരത്തില്‍ പ്രേക്ഷകരെ ഞെട്ടിപ്പിച്ച നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

ക്ലൈമാക്‌സാണ് മുന്നറിയിപ്പ് എന്ന വേണു ചിത്രത്തിന്റെ വിജയം. അവസാന നിമിഷം വരെ സികെ രാഘവന്‍ താന്‍ ജയിലിലായതെങ്ങെനെയാണെന്നും, ആ രണ്ട് കൊലപാതകവും എങ്ങിനെ സംഭവിച്ചു എന്നും അഞ്ജലിയോട് പറയും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. പല ഘട്ടത്തിലും സികെ രാഘവന്‍ പാവം എന്നും കരുതി. എന്നാല്‍ അവസാനത്തെ ആ ഒരൊറ്റ അടിയില്‍ എല്ലാം വ്യക്തമാകുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സ്.

മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം ക്ലൈമാക്‌സ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമായിരുന്നു. ഒരു കൊലപാതക കേസില്‍ നിന്നും തന്റെ കുടുംബത്തെ സംരക്ഷിക്കാനായി ജോര്‍ജ്ജ് കുട്ടി ചെയ്ത കാര്യങ്ങളായിരുന്നു പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി സാധാരണ രീതിയില്‍ പോയെങ്കിലും രണ്ടാം പകുതി ആയിരുന്നു എല്ലാവരിലും ആകാംക്ഷയുണ്ടാക്കിയിരുന്നത്.

ലാല്‍ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ക്യാമ്പസ് ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. പൃഥ്വിരാജ്, കാവ്യ മാധവന്‍, നരേന്‍, രാധിക, ഇന്ദ്രജിത്ത് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. 1991 ലെ ബാച്ച് 2006 ല്‍ ഗെറ്റുഗെതര്‍ നടത്തുന്നതും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സത്യം വെളിപ്പെടുന്നതുമായിരുന്നു ചിത്രത്തിന്റെ കഥ. മനപ്പൂര്‍വ്വമല്ലെങ്കിലും മുരളിയുടെ മരണത്തിന് കാരണമായ സുകുമാരന്റെ പങ്കും,അതോടൊപ്പം സുകുമാരനെ വധിക്കാന്‍ ശ്രമിച്ചത് റസിയ ആണെന്നുളള കാര്യവുമായിരുന്നു ട്വിസ്റ്റ്. പിന്നെയുളെളാരു ട്വിസ്റ്റ് മുരളിയും റസിയയുമായുളള ആരുമറിയാതെയുളള രഹസ്യ പ്രണയമായിരുന്നു.

രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ. പാലേരി മാണിക്യം കൊലക്കേസ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും സിനിമ ചര്‍ച്ച ചെയ്തിരുന്നത് ഊഹാപോഹങ്ങള്‍ കൊണ്ടായിരുന്നു. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ച ബലാത്സംഗംവും കൊലപാതകവും യഥാര്‍ത്ഥത്തില്‍ ചെയ്തത് മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുടെ മകന്‍ ഖാലിദ് റഹ്മാന്‍ ആണെന്നു പ്രേക്ഷകര്‍ മനസിലാക്കുന്നതായിരുന്നു സിനിമയിലെ ട്വിസ്റ്റ്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രമായിരുന്നു കിലുക്കം. രേവതി നായിക വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാറും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.സാഹചര്യം കൊണ്ട് ഉണ്ടായ ട്വിസ്റ്റ് വെളിപ്പെടുത്തലുകളാണ് കിലുക്കത്തില്‍ ഉണ്ടായത്. സിനിമയുടെ ഒരു ഘട്ടത്തില്‍ തനിക്ക് വട്ടില്ല എന്ന് നന്ദിനി വെളിപ്പെടുത്തുന്നു. ഒപ്പം തന്റെ അച്ഛനെക്കുറിച്ചുളള രഹസ്യം നന്ദിനി ജോജിയോടും മറ്റുളളവരില്‍നിന്നും മറച്ചു വെക്കുന്നുണ്ട്. സത്യം പുറത്തുപറയുന്നതു വരെ തമാശകള്‍ക്കും മികച്ച മുഹൂര്‍ത്തങ്ങള്‍ക്കും വഴിവെച്ചു.

പി പദ്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു തൂവാനത്തുമ്പികള്‍. ചിത്രത്തില്‍ ജയകൃഷ്ണന് ക്ലാരയോടും രാധയോടുമുളള ത്രികോണ പ്രണയം വളരെ സങ്കീര്‍ണമായ നിസഹായാവസ്ഥയില്‍ എത്തുന്നു. രാധ ജയകൃഷ്ണനെ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. രാധയോട് ജയകൃഷ്ണന് ഇഷ്ടമാണെങ്കിലും ക്ലാരയുമായുളള ബന്ധത്തെക്കുറിച്ച് തുറന്നുസമ്മതിക്കാന്‍ തയ്യാറുമല്ല.അങ്ങനെ ഇരികുമ്പോഴാണ് ചിത്രത്തില്‍ ആ ട്വിസ്റ്റ് സംഭവിച്ചത്.ക്ലാര മറ്റൊരാളുമായി വിവാഹം കഴിക്കുകയും ജയകൃഷ്ണന് നല്ലൊരു ജീവിതമുണ്ടാകാന് തന്റെ ഇഷ്ടം വേണ്ടെന്നു വെക്കുകയും ചെയ്തു.

രാജീവ് അഞ്ചലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഫാന്റസി ചിത്രമായിരുന്നു ഗുരു. സിനിമയുടെ മര്‍മപ്രധാനമായ ഭാഗത്തായിരുന്നു ആ ട്വിസ്റ്റ് സംഭവിച്ചത്.രഘുരാമന് ഇലാമ പഴം കഴിച്ചു കാഴ്ച നഷ്ടപ്പെട്ടിരുന്നു. അന്ധതയുടെ ലോകത്ത് ആളുകളെ തെറ്റിന്റെ പാതയിലേക്ക് നയിക്കുന്നു എന്നാരോപിച്ച് മരണവിധിയുടെ ഭാഗമായി രഘുരാമന് ഇലാമ പഴത്തിന്റെ കുരു അരച്ച് കൊടുക്കുമ്പോള്‍ പ്രേക്ഷകരില്‍ ഞെട്ടലുണ്ടായിരുന്നു. തുടര്‍ന്ന് രഘുരാമന് കാഴ്ച തിരിച്ചുകിട്ടുന്നതും നമുക്ക് ഉണ്ടാവുന്ന ആ സന്തോഷവും, തിരിച്ചറിവും അത്ഭുതവുമാണ് സിനിമയിലെ ട്വിസ്റ്റ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തില്‍ ജയറാമും ഉര്‍വശിയും ശ്രീനിവാസനും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. സ്വര്‍ണപണിക്കാരനായ അയല്‍ക്കാരനെ പ്രണയിക്കുകയും, പിന്നീട് അയാളെ പറ്റിച്ച് ഗള്‍ഫുകാരനെ കല്യാണം കഴിക്കുകയും ചെയ്യുകയാണ് നായിക. എന്നാല്‍ സ്വര്‍ണപണിക്കാരന്റെ കളി ക്ലൈമാക്‌സിലാണ്. പ്രണയത്തിലായിരിക്കുമ്പോള്‍ കൊടുത്ത ഒരു സ്വര്‍ണമാലയിലാണ് കഥയിലെ ട്വിസ്റ്റ്. പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സോടെയാണ് ചിത്രം അവസാനിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ദ ട്രൂത്ത് എന്ന ഇന്‍വസ്റ്റ്‌ഗേറ്റീവ് ചിത്രവും ബോക്‌സോഫീസ് ഇളക്കിമറിച്ചതാണ്. ചിത്രം പിന്നീട് തെലുങ്കിലും തമിഴിലും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. രണ്ട് ട്വിസ്റ്റാണ് ചിത്രത്തിലുള്ളത്. ഒന്ന് കൊലയാളിയായി ഫോട്ടോയില്‍ പകര്‍ത്തിയ ആ സ്ത്രീ ശരിക്കും സ്ത്രീയല്ല. സ്ത്രീ വേഷം കെട്ടിയ ആണായിരുന്നു. രണ്ടാമത്തെ ട്വിസ്റ്റ് ഡിജിപി ഹരിപ്രസാദിലായിരുന്നു (മുരളി). മുരളിയായിരിക്കും ചിത്രത്തിലെ വില്ലന്‍ എന്ന് ഒരു ഘട്ടത്തിലും പ്രേക്ഷകര്‍ക്ക് സംശയം കൊടുക്കാതെയാണ് ക്ലൈമാക്‌സില്‍ എത്തിച്ചത്.

ഇന്നും മണിച്ചിത്രത്താഴ് എന്ന ചിത്രം പ്രേക്ഷകര്‍ ഓര്‍ത്തിരിയ്ക്കുന്നുണ്ടെങ്കില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഒരു പ്രധാന ഘടകമാണ്. ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ സൈക്കോ എന്ന് തിരിച്ചറിയുന്നിടത്താണ് ചിത്രത്തിന്റെ ആദ്യത്തെ ട്വിസ്റ്റ്. ക്ലൈമാക്‌സില്‍ സുരേഷ് ഗോപിയെ പലകയില്‍ വച്ച് തിരിയ്ക്കുന്നിടത്താണ് രണ്ടാമത്തെ ട്വിസ്റ്റ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here