ദില്ലി (www.mediavisionnews.in): നാളെ സഭയിലെത്തുമെന്നും നിയമസഭ സെക്രട്ടറിയടക്കം വൃത്തികെട്ട രാഷ്ട്രീയം കളിച്ചെന്നും കെ.എം ഷാജി. നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം പ്രതികരിക്കുകയായിരുന്നു കെ.എം ഷാജി.
സുപ്രീകോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. നാളെ മുതൽ നിയമസഭയിൽ ഉണ്ടാവും. എംഎല്‍എയെ അയോഗ്യനാക്കാൻ കോടതിക്ക് അവകാശം ഇല്ല. സാമുദായിക സ്പർദ്ധ വളർത്താൻ നോട്ടീസ് ഇറക്കിയ ശരിയായ ആളെ കണ്ടെത്തണം. കൃത്രിമ കേസിനെതിരെ നിയമപോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.
നിയമസഭയില്‍ എത്താമെങ്കിലും കെ.എം ഷാജിക്ക് വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനാവില്ല. അതുപോലെ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ഷാജിക്ക് ഉണ്ടാവില്ല. സമ്പൂർണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജനുവരിയിലാണ് ഇനി അപ്പീൽ പരിഗണിക്കുക. ഷാജിയുടെ അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാകും സ്റ്റേയുടെ കാലാവധി.
കേസ് പരിഗണിച്ചു എന്നതിലാണ് സന്തോഷം. ഉപാധികളോടെയുള്ള സ്റ്റേ സ്വാഭാവികം മാത്രമാണെന്നും നികേഷ്കുമാർ കേസ് അവസാനിച്ചു എന്ന് കരുതേണ്ടെന്നും താൻ തുടങ്ങുന്നതെ ഉള്ളൂവെന്നും ഷാജി പറഞ്ഞു.