കാസർകോട‌്(www.mediavisionnews.in):: ഉക്കിനടുക്കയിൽ സ്ഥാപിക്കുന്ന കാസർകോട‌് മെഡിക്കൽ കോളേജിന്റെ ആശുപത്രി സമുച്ചയത്തിന്റെ നിർമാണോദ‌്ഘാടനം 25ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 500 ബെഡുള്ള ആശുപത്രിയാണ‌് പദ്ധതിയിലുള്ളത‌്. താഴത്തെ നില അടക്കം നാല‌് നിലകളുള്ളതാണ‌് കെട്ടിടം. 95 കോടി രൂപ എസ‌്റ്റിമേറ്റുള്ള കെട്ടിടത്തിന‌് 88,20,42,646 കോടി രൂപ ചെലവ‌് വരും.
എൽഡിഎഫ‌് സർക്കാർ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയതോടെയാണ‌് ആശുപത്രി സമുച്ചയത്തിന്റെ നിർമാണം ആഗസ‌്ത‌് 31ന‌് തുടങ്ങിയത‌്. പൊതുമേഖലാ സ്ഥാപനമായ കിറ്റ‌്കോയ്‌ക്കാണ‌് മെഡിക്കൽ കോളേജിന്റെ കൺസൾട്ടൻസി. ഇടുക്കി, മഞ്ചേരി മെഡിക്കൽ കോളേജിന്റെ കൺസൾട്ടൻസിയും കിറ്റ‌്കോയാണ‌് നിർവഹിക്കുന്നത്. ആശുപത്രി സമുച്ചയത്തിന്റെ നിർമാണ കരാർ ഈറോഡിലെ ആർ ആർ തുളസി ബിൽഡേഴ‌്സിനാണ‌്. രണ്ടുവർഷത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണ‌് കരാർ. ആശുപത്രി സമുച്ചയത്തിൽ പ്രത്യേക ഓപ്പറേഷൻ തിയറ്റർ ബ്ലോക്ക‌് ഉണ്ടായിരിക്കും. സിടി സ‌്കാൻ, എക‌്സ‌്റേ, വിവിധ ഡിപ്പാർട്ട‌്മെന്റുകൾ എന്നിവ പ്രവർത്തിക്കും.
അക്കാദമിക്ക‌് ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി. 25,86,05,283 രൂപ ചെലവിട്ടാണ‌് കെട്ടിടം പൂർത്തിയാക്കിയത‌്. മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസ‌് മുറികൾ, ലാബ‌്, പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മുറികൾ, മ്യൂസിയം, മോർച്ചറി തുടങ്ങിയ സൗകര്യങ്ങൾ അക്കാദമിക‌് ബ്ലോക്കിലുണ്ട‌്. കോളേജിലേക്കുള്ള റോഡുകളുടെ നിർമാണം നടക്കുകയാണ‌്. കോളേജിനോട‌് ചേർന്ന‌് നാലുവരി റോഡ‌് നിർമിക്കുന്നുണ്ട‌്. ഇതുവഴി സീതാംഗോളി, കുമ്പള, കാസർകോട‌് എന്നിവിടങ്ങളിലേക്ക‌് വേഗത്തിൽ എത്താം.
288 കോടി രൂപ നിർമാണ ചെലവ‌് പ്രതീക്ഷിക്കുന്ന മെഡിക്കൽ കോളേജ‌് 65 ഏക്കർ ഭൂമിയിലാണ‌് സ്ഥാപിക്കുന്നത‌്. റവന്യൂ വകുപ്പാണ‌് ഭൂമി അനുവദിച്ചത‌്. ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിൽ 2013 നവംബർ 30ന‌് ആരംഭിച്ച കെട്ടിടങ്ങളുടെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയായിരുന്നു. എൽഡിഎഫ‌് സർക്കാർ ഇടപെട്ടാണ‌് കാര്യങ്ങൾ വേഗത്തിലാക്കിയത‌്. നിർമാണം വൈകിയതിനാൽ ചെലവ‌് വർധിക്കും. ആരോഗ്യ വിദ്യാഭ്യാസ ഡയരക്ടറേറ്റിന്റെ കീഴിലാണ‌് മെഡിക്കൽ കോളേജ‌് പ്രവർത്തിക്കുക. ലൈബ്രറി, പുരുഷ–- വനിത ഹോസ‌്റ്റലുകൾ, ഡോക്ടർമാരുടെ ക്വാർട്ടേഴ‌്സുകൾ, ഒാഡിറ്റോറിയം, റോഡുകൾ, കെഎസ‌്ഇബി സബ‌് സ‌്റ്റേഷൻ, പ്രകാശ സംവിധാനങ്ങൾ എന്നിവ ഉണ്ടാകും.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള മെഡിക്കൽ കോളേജ‌് പ്രവർത്തനമാരംഭിക്കുന്നതോടെ ജില്ലയിലുള്ളവർക്കും കർണാടക അതിർത്തിയിലുള്ളവർക്കും ഉപകാരമാകും. വിദഗ‌്ധ ചികിത്സയ‌്ക്ക‌് മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്നതിന‌് ശമനമാകും.
ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കും വലിയ ആശ്വാസമാകും. കാസർകോട‌് മെഡിക്കൽ കോളേജ‌് യാഥാർഥ്യമാക്കാനുള്ള എൽഡിഎഫ‌് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ‌് ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിർമാണം വേഗത്തിലാക്കുന്നതോടെ തെളിയുന്നത‌്.