തലശ്ശേരി(www.mediavisionnews.in): നവോത്ഥാനത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ തലശ്ശേരിയുടെ തറവാടു മുറ്റത്തെത്തിയ യുവജന യാത്രക്ക് തറവാടിത്തം നിറഞ്ഞ സല്‍ക്കാര പൊലിമയുള്ള ഊഷ്മള വരവേല്‍പ്പ്. രാഷ്ട്രീയ വൈരം കഠാകൊണ്ട് കഥയെഴുതിയ പി ഷാദുലിയുടെയും ഷുഹൈബിന്റെയും ചോരവീണ മണ്ണില്‍ ബിരിയാണിയുടെയും ക്രിസ്മസ് കേക്കിന്റെയും രുചിവൈവിധ്യങ്ങള്‍ പോലെ ഹൃദയം നിറച്ചു.
രക്തം കിനിയുന്ന ഇന്നലെകളുടെ കിനാക്കളെ അതിജയിക്കാനുള്ള കരുത്ത് പുതുക്കി, ആശയധാരയുടെ നീരുറവ തീര്‍ത്ത ആര്യ സമാജവും ചന്ദ്രികയും പേറ്റുനോവറിഞ്ഞ മണ്ണില്‍ സഹിഷ്ണുതയുടെ കാവല്‍ ഭടന്മാര്‍ നിറഞ്ഞൊഴുകി. അക്രമ രാഷ്ട്രീയത്തിലും കൊലയിലും രാജ്യത്ത് ഒന്നാം സ്ഥാനമുള്ള കണ്ണൂരില്‍ ആശയ സംവാദത്തിന്റെ വേലിയേറ്റം തീര്‍ത്ത യാത്രക്ക് അവിസ്മരണീയ സ്വീകരണങ്ങളാണ് ലഭിച്ചത്.
യുവജന യാത്രയുടെ ഏഴാം ദിനം തോട്ടട എസ്.എന്‍ കോളജ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് എടക്കാടിലെ സ്വീകരണ ശേഷം തലശ്ശേരിയിലെ തൂവെള്ള സാഗരത്തില്‍ ലയിച്ചതോടെ കണ്ണൂര്‍ ജില്ലയിലെ പര്യടം പൂര്‍ത്തിയാക്കി. ആഘോഷം പൂത്ത സന്ധ്യയില്‍ വാദ്യഘോഷങ്ങളോടെ അശ്വാരൂഢമായ വര്‍ഷശബളിമയിലാണ് തലശ്ശേരി നഗരത്തില്‍ യാത്രയെ ആനയിച്ചത്.
നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം എന്നിവര്‍ക്ക് പിന്നില്‍ നിശ്ചയ ദാര്‍ഢ്യത്തോടെ ആയിരങ്ങള്‍ അണിവെച്ച് നീങ്ങി.
അസിറ്റന്റു ഡയറക്ടര്‍മാരായ അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍ കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എം.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത്, സ്ഥിരാഗങ്ങളായ അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, അഷറഫ് എടനീര്‍,ടി.ഡി കബീര്‍, പി.വി ഇബ്രാഹിം മാസ്റ്റര്‍, സമീര്‍ പറമ്പത്ത്, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷറഫ്, സി.എ സാജിദ്, പി ബിജു എന്നിവരുടെ നേതൃത്തിലാണ് ഏഴാം ദിന യാത്ര പ്രൗഢമായി സമാപിച്ചത്.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇബ്രാഹീം സിറാജ് സേട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി സംസാരിച്ചു.
കണ്ണൂരിന്റെ കണ്ണും കരളും കവര്‍ന്ന് ഹരിതയൗവനം ഇന്നു മുതല്‍ മൂന്നു നാള്‍ കോഴിക്കോട് ജില്ലയില്‍ പടയോട്ടം നടത്തും. ഇന്നു രാവിലെ ഒമ്പതിന് അഴിയൂര്‍ ജുമാമസ്ജിദിന് സമീപത്തു നിന്ന് ആരംഭിച്ച് വൈകിട്ട് ആറിന് വടകരയില്‍ സമാപിക്കും. നാളെ രാവിലെ ഒമ്പതിന് മൂരാടു നിന്ന് തുടങ്ങി പയ്യോളിയിലെയും (10മണി) തിക്കോടിയിലെയും (12 മണി) സ്വീകരണ ശേഷം കൊയിലാണ്ടിയില്‍ സമാപിക്കും.