തിരുവനന്തപുരം(www.mediavisionnews.in): ശബരിമല കര്‍മ സമിതിയുടെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അക്രമം; കോഴിക്കോടും തിരുവനന്തപുരം മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്
ഹര്‍ത്താലിനെ തുടര്‍ന്ന് കോഴിക്കോട് പുലര്‍ച്ചെ തന്നെ ചില അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. കുണ്ടായിത്തോട് കുന്ദമംഗലത്ത് സ്കാനിയ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. കുന്ദമംഗലം കുണ്ടായിത്തോട് വെച്ചാണ് പുലര്‍ച്ചെ കല്ലേറുണ്ടായത്. കോഴിക്കോട് ഒളവണ്ണയില്‍ സമരാനുകൂലികള്‍ ബസ്സുകള്‍ തടയുന്നു.2 ബസുകളുടെ ചില്ല് തകര്‍ത്തു.
തിരൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് അടിച്ചു തകര്‍ത്തു. ചമ്രവട്ടത്താണ് സംഭവം. കുറ്റിപ്പുറത്തും ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്.
എറണാകുളം മൂവാറ്റുപുഴയില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ആലപ്പുഴയിലെ അമ്പലപ്പുഴയിലും തുറവൂരിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി സർവീസ് പൂർണമായും നിലച്ചു. ഹര്‍ത്താല്‍ പാലക്കാട് ജില്ലയിലും ഏകദേശം പൂര്‍ണമാണ്. രാവിലെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലയിടങ്ങളില്‍ ചെറുസംഘങ്ങള്‍ വാഹനങ്ങള്‍ തടയുകയും റോഡില്‍ മാര്‍ഗ തടസ്സമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
കൊച്ചിയിലും ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു എന്നതൊഴിച്ചാല്‍ മറ്റ് അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശബരിമലയിലേക്കുള്ള പ്രധാനപാതയിലെ ഇടത്താവളമായ എരുമേലിയില്‍ നിന്നും അനിഷ്ടസംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വയനാട് ജില്ലയിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ഒരു വാഹനങ്ങളും സര്‍വീസ് നടത്തുന്നില്ല. കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ദീര്‍ഘ ദൂര ബസ്സുകള്‍ സര്‍വീസ് നടത്തിയത്. യാത്രക്കാര്‍ പലയിടത്തും കുടങ്ങിക്കിടക്കുന്ന അവസ്ഥയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്.