ചൈന (www.mediavisionnews.in):നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരമായി പ്രകാശം പരത്താന്‍ കൃത്രിമ ചന്ദ്രനെ തൂക്കി ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ചൈന. 2020 ഓടെ കൃത്രിമ ചന്ദ്രന്‍ ആകാശത്ത് നിന്ന് വെളിച്ചം പരത്തുമെന്ന് ചൈന അറിയിച്ചു. കൃത്രിമ ചന്ദ്രനെ സിച്ചുവാന്‍ പ്രവിശ്യയിലെ ചെംഗുഡു നഗരത്തിന് മുകളില്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് പീപ്പിള്‍സ് ഡെയ്‌ലി ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.
ലോകത്ത് തന്നെ ആദ്യമായാണ് മനുഷ്യ നിര്‍മിത ചന്ദ്രനെ നിര്‍മിച്ചിരിക്കുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് 500 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലാണ് ഭീമന്‍ കണ്ണാടികൾ സ്ഥാപിച്ച കൃത്രിമചന്ദ്രന്‍ സ്ഥിതിചെയ്യുക. ഈ കണ്ണാടികൾ വഴി സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ സാധിക്കും. ചന്ദ്രനോടൊപ്പം തന്നെ ഈ കൃത്രിമ ചന്ദ്രനും പ്രകാശം പരത്തും. ചന്ദ്രനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ടുമടങ്ങ് പ്രകാശം ഇതിനുണ്ടായിരിക്കുമെന്ന് പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
നഗരത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി ലാഭിക്കുകയാണ് പ്രധാനലക്ഷ്യം. 50 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് ഇത് വെളിച്ചംപരത്തും. സൂര്യനില്‍ നിന്നുള്ള വെളിച്ചം പ്രതിഫലിപ്പിച്ചാണ് ഈ ചന്ദ്രനും പ്രകാശം പരത്തുക. ദുരന്തബാധിതമേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്.
കൃത്രിമ ചന്ദ്രന്‍ എന്ന ആശയം ഉരുതിരിഞ്ഞ് വന്നത് ഫ്രഞ്ച് ആര്‍ട്ടിസ്റ്റിന്റെ ഒരു ചിത്രത്തില്‍ നിന്നാണെന്ന് പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.