യുഎഇയിൽ വീസ പുതുക്കൽ ഇനി ഈസി..അറിഞ്ഞിരിക്കേണ്ടത്

0
208

അബുദാബി(www.mediavisionnews.in): സന്ദർശക, ടൂറിസ്റ്റ് വീസയിൽ യുഎഇയിലെത്തിയവർക്ക് രാജ്യം വിടാതെ വീസ പുതുക്കാവുന്ന സംവിധാനം ഞായറാഴ്ച മുതൽ നിലവിൽ വരും. ഇതുൾപെടെ യുഎഇ വീസാ നിയമത്തിൽ വരുത്തിയ സമഗ്ര മാറ്റങ്ങളാണ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരിക.

ഒരു മാസത്തെ സന്ദർശക വീസയിലോ ടൂറിസ്റ്റ് വീസയിലോ എത്തിയവർക്ക് കാലാവധിക്ക് ശേഷം മറ്റൊരു വീസയെടുക്കുന്നതിന് രാജ്യം വിടേണ്ടതില്ലെന്നാണ് പ്രധാന നേട്ടം. ഇങ്ങനെ രണ്ടു തവണ രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ കാലാവധി നീട്ടാനോ സാധിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദി പറഞ്ഞു.

നിലവിൽ വീസാ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടശേഷമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. അതിനാൽ ജോലി അന്വേഷണത്തിനും മറ്റും എത്തിയവർ യുഎഇയിൽനിന്ന് എക്സിറ്റായ ശേഷം പുതിയ വീസയിൽ രാജ്യത്തേക്ക് പ്രവേശിക്കുകയാണ് ചെയ്തുവരുന്നത്. ഇതുമൂലം അപേക്ഷകർക്കുണ്ടാകുന്ന സമയ, ധന നഷ്ടം പരിഹരിക്കാൻ പുതിയ പരിഷ്കാരത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് വീസയിലെത്തിയ വിനോദ സഞ്ചാരികൾക്കും ഇതുപോലെ രണ്ടു തവണ വീസ മാറാൻ അനുമതിയുണ്ട്. ഇതോടെ യുഎഇയിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

പന്ത്രണ്ടാം ക്ലാസിന് ശേഷവും മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ യൂനിവേഴ്സിറ്റികളിലും മറ്റും പഠിക്കുന്ന വിദ്യാർഥികളുടെ വിസാ കാലാവധിയും നീട്ടിനൽകും എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. നിലവിൽ 18 കഴിഞ്ഞവരെ മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽനിന്ന് മാറ്റണമെന്നാണ് നിയമം. ഈ നിബന്ധനയിലാണ് ഇപ്പോൾ ഇളവ് ലഭിച്ചിരിക്കുന്നത്. പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ കോഴ്സ് പൂർത്തിയാക്കുംവരെയാണ് വീസ പുതുക്കിനൽകുക. ഇത് വിദ്യർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശ്വാസമായി. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ കാലം രാജ്യത്ത് തങ്ങുന്നതിന് അവസരമൊരുക്കുന്നതോടൊപ്പം നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് പരിഷ്കാരമെന്ന് ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദി പറഞ്ഞു.

ഇതോടൊപ്പം വിധവകൾക്കും വിവാഹമോചിതർക്കും അവരുടെ കുട്ടിൾക്കും ഒരു വർഷത്തേക്ക് താമസ വീസാ കാലാവധി നീട്ടി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷം വീതം രണ്ടു തവണയാണ് ഇങ്ങനെ വീസ പുതുക്കി നൽകുക. പുതിയ വീസാ ഭേദഗതി നേരത്തെ കാബിനറ്റ് അംഗീകരിച്ചിരുന്നു. സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here