യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; പൊതുമാപ്പ് നീട്ടിയേക്കും

0
229

അബുദാബി (www.mediavisionnews.in): ഓഗസ്റ്റ് ഒന്നു മുതല്‍ യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് കാലാവധി നീട്ടിയേക്കുമെന്ന് സൂചന. അബുദാബിയിലെയും ഷാര്‍ജയിലെയും ഇമിഗ്രേഷന്‍ അധികൃതരെ ഉദ്ധരിച്ച് യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ 31ന് പൊതുമാപ്പ് അവസാനിക്കുമെന്നാണ് യുഎഇ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളുടെ എംബസികളും ഉദ്ദ്യോഗസ്ഥരും പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ഔദ്ദ്യോഗികമായി യുഎഇ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനധികൃതമായി യുഎഇയില്‍ തങ്ങുന്ന തങ്ങളുടെ പൗരന്മാരില്‍ പലര്‍ക്കും ഈ സമയത്തിലുള്ളില്‍ രാജ്യം വിടാനോ, രേഖകള്‍ ശരിയാക്കാനോ കഴിഞ്ഞിട്ടില്ലെന്നാണ് എംബസികള്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പാണെന്ന് യുഎഇയിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ എത്ര നാളത്തേക്ക് ആയിരിക്കും പൊതുമാപ്പ് ആനുകൂല്യം ദീര്‍ഘിപ്പിക്കുന്നതെന്ന് വ്യക്തമല്ല. ഒരു മാസത്തേക്കോ അല്ലെങ്കില്‍ 45 ദിവസത്തേക്കോ കൂടി ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് സൂചന. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി ഇതുവരെ 656 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ഹ്രസ്വ കാലാവധിയുള്ള 275  പാസ്പോര്‍ട്ടുകളും അനുവദിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡന്‍ നവദ്വീപ് സിങ് സുരി അറിയിച്ചു. ദുബായില്‍ 3,332 എമര്‍ജന്‍സി എക്സിറ്റ് പാസുകളും 1638 താല്‍ക്കാലിക പാസ്പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസം കൂടി രാജ്യത്ത് ജോലി അന്വേഷിക്കാന്‍ തങ്ങുന്നവര്‍ക്കായാണ് താല്‍ക്കാലിക പാസ്‍പോര്‍ട്ട് ഇന്ത്യന്‍ എംബസി നല്‍കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here