മംഗളൂരു (www.mediavisionnews.in):ആക്ഷേപിച്ചത‌് ചോദ്യം ചെയ‌്തതിന‌് ഡിവൈഎഫ്ഐ നേതാവിനെയും സഹോദരനെയും പൊലീസ് മർദിച്ചു. ഡിവൈഎഫ്ഐ ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റിയംഗം മൂഡബിദ്രിയിലെ റിയാസ് മൻതൂർ (28), സഹോദരൻ ഇർഷാദ് (18) എന്നിവരെയാണ് വേണൂർ പൊലീസ് മർദിച്ചത്.
പരിക്കേറ്റ റിയാസ് മൂഡബിദ്രി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ‌്ച രാത്രിയാണ‌് സംഭവം. ബെൽത്തങ്ങാടിയിലെ ബന്ധു വീട്ടിലേക്ക് പോകവെ വഞ്ചിമഠത്തിനടുത്ത് പൊലീസ് ഇവരുടെ ബൈക്ക് തടഞ്ഞ് രേഖകൾ ആവശ്യപ്പെട്ടു.
ഡ്രൈവിങ‌് ലൈസൻസ്മാത്രം കൈവശമുണ്ടായിരുന്ന റിയാസ് മറ്റു രേഖകൾ അടുത്ത ദിവസം ഹാജരാക്കാമെന്ന് പൊലീസിനെ അറിയിച്ചു. എന്നാൽ മോഷ‌്ടിക്കാനുള്ള പുറപ്പാടാണെന്ന് ആക്ഷേപിക്കുകയും ത്രീവ്രവാദികളെന്ന് വിളിക്കുകയും ചെയ്തു. ഇതിനെ റിയാസ് ചോദ്യം ചെയ്തത് പൊലീസിനെ പ്രകോപിപ്പിച്ചു. അതേസമയം അതുവഴി പോയ സിഐ നാഗേഷ് കദ്രി ഇരുവരെയും തല്ലിയൊതുക്കി അഴിക്കുള്ളിലാക്കാൻ ആവശ്യപ്പെട്ടു.
അടുത്തിടെ ബെൽത്തങ്ങാടിയിൽനിന്ന് ശിക്ഷയുടെ ഭാഗമായി സ്ഥലം മാറ്റം കിട്ടിയയാളാണ‌് നാഗേഷ‌് കദ്രി. തുടർന്ന് പൊലീസ് ജീപ്പിൽ കയറ്റിയ ഇരുവരെയും ക്രൂരമായി മർദിച്ചു. ഇരുവർക്കുമെതിരെ പൊലീസിനെ ആക്രമിച്ചുവെന്ന കള്ളക്കേസും ചുമത്തി.
ഡിവൈഎഫ്ഐ കർണാടക സംസ്ഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പളളയുടെ നേതൃത്വത്തിൽ എസ് പി രവികാന്ത് ഗൗഡയെ കണ്ട് പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ എസ്‌പി ബെൽത്തങ്ങാടി സർക്കിൾ ഇൻസ്പെക്ടർ സന്ദേശിനോട് ആവശ്യപ്പെട്ടു.