ബാലഭാസ്‌കറിന്റെ മകളുടെ മരണം; കുട്ടികളെ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തിയുള്ള ഡ്രൈവിങ്ങ് കുറ്റകരമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

0
214

തിരുവനന്തപുരം(www.mediavisionnews.in):  കാറിന്റെ മുന്‍ സീറ്റിലിരുന്ന് യാത്രചെയ്ത ബാലഭാസ്‌കറിന്റെ മകള്‍ മരിച്ച സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടിക്ക് ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി കുട്ടികളുടെ സംരക്ഷണം ഒരുക്കുന്നത്.

കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്രചെയ്യാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം  ചെലുത്തി ഇതിനാവശ്യമായ ചട്ടങ്ങള്‍ക്ക് രൂപം നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രമം. നിലവില്‍ സീറ്റ് ബല്‍റ്റ് ധരിക്കുന്നത് അല്ലാതെ കുട്ടികളുടെ സംരക്ഷണത്തിനായി ചട്ടങ്ങളൊന്നുമില്ല. എന്നാല്‍, നിരവധി അപകടങ്ങളില്‍ കുട്ടികള്‍ മരിക്കുന്നത് ആവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് കുട്ടികളുടെ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേകം ഡ്രൈവ് നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മേഖല ഓഫീസുകള്‍ക്ക് ആസ്ഥാനത്ത് നിന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ രക്ഷിതാക്കളെ ബോധവത്കരിക്കാനായി പ്രത്യേക ബോധവത്കരണ ക്ലാസും നടത്താന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാരുടെ സംരക്ഷണത്തിനായി കാറുകളില്‍ ക്രമീകരിച്ചിരിക്കുന്ന സീറ്റ് ബെല്‍റ്റ് കുട്ടികളുടെ സംരക്ഷണത്തിന് യോജിച്ചതല്ല. ഇത് കുട്ടികള്‍ക്ക് അപത്കരവുമാണ്. 13 വയസില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യണമെന്നത് ഉള്‍പ്പെടെ നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ 33 ശതമാനം കുട്ടികള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here