ടെക്‌സസ് (www.mediavisionnews.in): ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് പീഡിപ്പിച്ചതിന്റെ പേരില്‍ യുവതി ഫെയ്‌സ്ബുക്കിനെതിരെ പരാതിയുമായി കോടതിയില്‍. തനിക്ക് 15 വയസുള്ളപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ സുഹൃത്തായി നടിച്ച് ഒരാള്‍ ചങ്ങാത്തം സ്ഥാപിക്കുകയും ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പിന്നീട് മറ്റുള്ളവര്‍ക്ക് കാഴ്ചവെയ്ക്കുകയും, മര്‍ദ്ദിക്കുകയും ഒക്കെ ചെയ്തുവെന്നും യുവതി പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചതിക്കപ്പെട്ട കേസുകള്‍ അനേകം ഉണ്ടെങ്കിലും. അവയിലെല്ലാം ഇരകള്‍ പ്രതിക്കെതിരെയാണ് സാധാരണയായി കേസ് നല്‍കിയിരുന്നത്. എന്നാല്‍ തനിക്ക് സഭവിച്ച ദുരനുഭവത്തിന്റെ ഉത്തരവാദി ഫെയ്‌സ്ബുക്കാണെന്നാണ് ഈ യുവതി പരാതിയില്‍ പറഞ്ഞത്. അമേരിക്കയിലെ ടെക്‌സസ് സ്വദേശിയായ യുവതിയാണ് ഫെയ്‌സ്ബുക്കിനെ പ്രതിയാക്കി പരാതി നല്‍കിയത്.
ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയിലാണ് ഇത്തരം സാമൂഹ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ‘ചതിക്കാന്‍’ ഉപയോഗിക്കുമെന്ന് ഫെയ്‌സ്ബുക്കിനറിയാമായിരുന്നുവെന്നും അതുകൊണ്ട് അവരും ഇത്തരംപ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുകയാണെന്നും പെണ്‍കുട്ടി ആരോപിച്ചത്. എന്നാല്‍ ഫെയ്‌സ്ബുക്ക് ഇതിനോട് പ്രതികരിച്ചിട്ടില്ല.